വീട് കുത്തിത്തുറന്ന് രണ്ടരലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നു

Monday 3 July 2017 8:30 pm IST

തൊടുപുഴ: മുതലക്കോടം മാവില്‍ചുവടില്‍ വീട് കുത്തിത്തുറന്ന് രണ്ടരലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. പ്ലാമൂട്ടില്‍ ശ്രീജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത സംഘം അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ശ്രീജിത്തും കുടുംബവും ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയിരുന്നു. രാത്രി വൈകിയാണ് തിരിച്ചെത്തിയത്. വീട്ടിലെത്തിയപ്പോള്‍ അലമാര തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നതായി വ്യക്തമായി. ഉടന്‍ തന്നെ തൊടുപുഴ പോലീസില്‍ വിവരം അറിയിച്ചു. ഇന്നലെ രാവിലെ ശ്രീജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. പോലീസ് നായയെ എത്തിച്ച് പരിശോധന നടത്തി. വീടിന് ചുറ്റിലും ഓടിയ നായ ഒടുവില്‍ മാവിന്‍ചുവടിലെത്തി. ഇന്ന് വിരലടയാള സംഘം പരിശോധനയ്‌ക്കെത്തുന്നുണ്ട്. മാല,ഡയമണ്ട് മൂക്കുത്തി, വിവാഹമോതിരം, കുട്ടിയുടെ ചെറുമോതിരം, വളകള്‍ എന്നിവ ഉള്‍പ്പെടെ പതിനൊന്നര പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ശ്രീജിത്തുമായി അടുപ്പമുള്ളവരാകാം സംഭവത്തിന് പിന്നലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശ്രീജിത്തും അച്ഛന്‍ കൃഷ്ണനും ചേര്‍ന്ന് മാവിന്‍ചുവടില്‍ ഹോട്ടല്‍ നടത്തിവരികയാണ്. തൊടുപുഴ അഡീഷണല്‍ എസ്.ഐ ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. മാവില്‍ചുവട് പരിസരത്ത് മോഷണം പതിവായിരിക്കുകയാണ്. ഒരു മാസം മുന്‍പ് കട്ടപ്പനയിലും കരിങ്കുന്നത്തും വീട് കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ടാഴ്ച മുന്‍പ് വണ്ടന്മേട് പോലീസ് സ്റ്റേഷന്‍ പരിധിയിലും മോഷണം നടന്നു. കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിട്ടില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.