നായാട്ട് സംഘാംഗം വെടിയേറ്റ് മരിച്ചു; ദുരൂഹത

Monday 3 July 2017 9:02 pm IST

ജില്ലാ പോലീസ് മേധാവി കെ ബി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം പരിശോധിക്കുന്നു

ഇടുക്കി(വണ്ടിപ്പെരിയാര്‍): നായാട്ട് സംഘത്തോടൊപ്പം പോയ മധ്യവയസ്‌കനെ സ്വകാര്യ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പത്തിയഞ്ചാം മൈല്‍ സ്വദേശി കുട്ടന്‍ ഷാജിയെന്ന കല്ലൂപറമ്പില്‍ ഷാജി (48) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സമീപത്ത് നിന്നും നാടന്‍ തോക്കും പോലീസ് കണ്ടെത്തി. ഈ തോക്കില്‍ നിന്ന് വെടിയേറ്റതാണോ എന്ന് പോലീസ് സംശയിക്കുന്നു.

വണ്ടിപ്പെരിയാര്‍ രാജമുടിയിലെ സ്വകാര്യ ഏലത്തോട്ടത്തിലാണ് ഇന്നലെ പുലര്‍ച്ചെ ഷാജിയെ മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ രാത്രി വൈകിയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജമുടിയിലെ ഗ്രീന്‍വാലി ഏലത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 9 നും പത്തിനും ഇടയില്‍ വെടിയൊച്ച കേട്ടതായി പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞു.

പ്രദേശങ്ങളില്‍ വ്യാപകമായി നായാട്ട് സംഘങ്ങള്‍ ഉള്ളളതായും രാത്രികാലങ്ങളില്‍ പലപ്പോഴും ഈ പ്രദേശത്ത് വെടിയൊച്ചകള്‍ കേള്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ജില്ലാ പോലീസ് മേധാവി കെ. ബി. വേണുഗോപാല്‍, കട്ടപ്പന ഡിവൈഎസ്പി രാജ് മോഹന്‍, പീരുമേട് സി.ഐ.ഷിബുകുമാര്‍, കോട്ടയം ഡിവിഷനിലെ ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്ത് എത്തി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനയച്ചു. ഷാജിയുടെ ഭാര്യ: ഓമന. മകള്‍: അജിത.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.