ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായി ജയശ്രീ ചുമതലയേറ്റു

Monday 3 July 2017 9:10 pm IST

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായി എസ്. ജയശ്രീ ചുമതലയേറ്റു. നന്തന്‍കോട്ടെ ആസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, അക്കൗണ്ട്‌സ് ഓഫീസര്‍ സന്തോഷ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ സന്തോഷ്, സുനില തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറായി പ്രവര്‍ത്തിച്ചു വരവെയാണ് ജയശ്രീ സെക്രട്ടറിയായി ചുമതലയേറ്റത്. തിരുവല്ല സ്വദേശിനിയാണ്. 1982 ല്‍ എല്‍ഡി ക്ലാര്‍ക്കായി സര്‍വ്വീസില്‍ പ്രവേശിച്ച ജയശ്രീ വിവിധ ദേവസ്വം ഗ്രൂപ്പുകളില്‍ അസിസ്റ്റന്റ് കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഡിവിഷണല്‍ എഞ്ചിനീയറായിരിക്കെ മരണമടഞ്ഞ വി.എസ്.കരുണാകരന്‍ പിള്ളയുടെയും സുമതിക്കുട്ടി അമ്മയുടെയും മകളാണ്. ഭര്‍ത്താവ് വിജയകുമാര്‍ കാനറാ ബാങ്ക് ചെങ്ങന്നൂര്‍ ശാഖയിലെ ഓഫീസറാണ്. മുന്‍ ദേവസ്വം സെക്രട്ടറി ജയകുമാര്‍ നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയുടെ നിയമനം. ശബരിമലയില്‍ പാത്രം വാങ്ങിയതില്‍ അഴിമതി നടന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ജയകുമാറിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. തുടര്‍ന്ന് ഫിനാന്‍സ് ഓഫീസറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുമായിരുന്ന എസ്. ഉണ്ണികൃഷ്ണനെ സെക്രട്ടറിയായി നിയമിച്ചെങ്കിലും അദ്ദേഹം സ്വമേധയാ സര്‍വ്വീസില്‍ നിന്നു വിരമിക്കുകയായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.