ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു

Monday 3 July 2017 9:21 pm IST

ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. രോഗികള്‍ ദുരിതത്തില്‍. ഡെങ്കിപനി അടക്കമുള്ള രോഗങ്ങള്‍ താലൂക്കില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ദേശീയ നിലവാരമുള്ള ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിദിനം ആയിരത്തിലധികം രോഗികളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. കയര്‍, മത്സ്യ മേഖലയില്‍ തൊഴിലെടുക്കുന്ന സാധാരണക്കാരാണ് ഇവരിലേറെയും. ഫിസിഷ്യ•ാരില്‍ ഒരാള്‍ സ്ഥലം മാറി പോയി മാസങ്ങള്‍ പിന്നിട്ടിട്ടും പകരം ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവില്‍ ഒരു ഫിസിഷ്യന്റെ സേവനം മാത്രമാണ് രോഗികള്‍ക്ക് ലഭിക്കുന്നത്. പനി ബാധിച്ച് ഈ ഡോക്ടറും അവധിയെടുത്തതോടെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍ ആശുപത്രിയിലെത്തുന്ന മുഴുവന്‍ രോഗികളെയും പരിശോധിക്കേണ്ട സ്ഥിതിയിലാണ്. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ ഡ്യൂട്ടിയിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ ശരിയായി പരിശോധിക്കുക പോലും ചെയ്യാതെ കോട്ടയം ആലപ്പുഴ മെഡിക്കല്‍ കോളജ്, താലൂക്കിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് റഫര്‍ ചെയ്യുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനാല്‍ വന്‍തുക മുടക്കി ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് താലൂക്കിലെ രോഗികള്‍. കോടികള്‍ മുടക്കി ആശുപത്രിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് വിനിയോഗിക്കുന്നതിലും രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിലും ആശുപത്രി അധികൃതര്‍ വിമുഖത കാട്ടുന്നതായി വിമര്‍ശനമുണ്ട്. സമീപത്തെ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടാണ് അധികൃതര്‍ തുടരുന്നതെന്നും പരാതിയുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ അടിയന്തര നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.