പോലീസ് ഡ്യൂട്ടി മീറ്റിന് തുടക്കമായി

Monday 3 July 2017 9:30 pm IST

തൃശൂര്‍: കേരള പോലീസിന്റെ ഡ്യൂട്ടി മീറ്റിന് രാമവര്‍മ്മപുരത്ത് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മീറ്റില്‍ മുന്നൂറില്‍പരം സേനാംഗങ്ങളാണ് മാറ്റുരയ്ക്കുന്നത്. രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ അക്കാദമി ഡയറക്ടറും എ.ഡി.ജി.പിയുമായ കെ.പത്മകുമാര്‍ ഡ്യൂട്ടി മീറ്റ് ഉദ്ഘാടനം ചെയ്തു.തൃശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍.അജിത്കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍, പോലീസ് ഉദ്യോഗസ്ഥരായ കെ.വി.ജോസ്, കറുപ്പ് സ്വാമി, അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.8 മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഡ്യൂട്ടി മീറ്റില്‍ സി.പി.ഒ. മുതല്‍ സി.ഐ.റാങ്ക് വരെയുള്ള 314 പോലീസ് ഉദ്യോഗസ്ഥരാണ് വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കുന്നത്. നിരീക്ഷണപാടവം, ലിഫ്റ്റിംഗ്, പായ്ക്കിംഗ്, ഫോട്ടോഗ്രാഫി, രേഖാചിത്രം തയ്യാറാക്കല്‍, വിരലടയാള ശേഖരണം, മെഡിക്കോ ലീഗല്‍ ടെസ്റ്റ്, കുറ്റാന്വേഷണ മികവ്, കമ്പ്യൂട്ടര്‍ വൈദഗ്ധ്യം എന്നീ മത്സരവിഭാഗങ്ങളിലാണ് ഉദ്യോഗസ്ഥ മികവ് അളക്കുന്നത്. ഡ്യൂട്ടി മീറ്റിന്റെ പ്രധാന ആകര്‍ഷണം പോലീസ് നായ്ക്കളുടെ മത്സരമാണ്. വിവിധ ജില്ലകളില്‍ നിന്നുമെത്തിയ പോലീസ് നായകള്‍ ഒബീഡിയന്‍സ്, അപരിചിതര്‍ നല്‍കുന്ന ഭക്ഷണം നിരസിക്കല്‍, കുറ്റവാളികളെ മണം പിടിച്ച് കണ്ടുപിടിക്കല്‍, ലഗേജ് പരിശോധന, സ്‌ഫോടക വസ്തുക്കള്‍ കണ്ടുപിടിക്കല്‍ എന്നീ മത്സരങ്ങളില്‍ തങ്ങളുടെ മികവ് പ്രകടിപ്പിച്ചു മുന്നേറിയതും ശ്രദ്ധേയമായി. ബുധനാഴ്ച മീറ്റ് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.