നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി തയ്യാറാവുന്നു

Monday 3 July 2017 10:34 pm IST

കൊച്ചി: നെല്‍കര്‍ഷകര്‍ക്ക് സമാശ്വാസവുമായി 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി തയ്യാറാവുന്നു. ബിടിആര്‍ ഉള്‍പ്പെടെ റവന്യു രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയതും ഡേറ്റ ബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിയമ ഭേദഗതി ഒരുങ്ങുന്നത്. ഇതിനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. റവന്യു രേഖകളില്‍ നിലമെന്നു രേഖപ്പെടുത്തിയെങ്കിലും ഡേറ്റ ബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി 2016 ഡിസംബറില്‍ കൊണ്ടുവന്ന സര്‍ക്കുലര്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റവന്യു രേഖകളില്‍ നിലമായി രേഖപ്പെടുത്തിയതും ഡേറ്റ ബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമി കൃഷിഭൂമിയായി പരിഗണിക്കും. കൃഷി ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അപേക്ഷയില്‍ വിശദമായ പരിശോധന നടത്തി തീരുമാനമെടുക്കേണ്ട ചുമതല പ്രാദേശികതല നിരീക്ഷണ സമിതിക്ക് (ലോക്കല്‍ ലെവല്‍ മോണിട്ടറിംഗ് കമ്മിറ്റി) നല്‍കും. നേരത്തെ ജില്ലാ കളക്ടര്‍ക്കായിരുന്നു ഈ അധികാരം. പ്രാദേശിക സമിതി ഇത്തരത്തില്‍ അപേക്ഷ പരിഗണിച്ചെടുക്കുന്ന തീരുമാനം തെറ്റാണെന്ന് കണ്ടാല്‍ ഭൂവുടമയടക്കമുള്ളവര്‍ക്ക് ഒരുമാസത്തിനുള്ളില്‍ ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. പ്രാദേശിക സമിതി അനുമതി നല്‍കിയാല്‍ ഭൂമിയുടെ നികുതി തഹസീല്‍ദാര്‍ പുനര്‍ നിര്‍ണയിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.