യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Monday 3 July 2017 11:03 pm IST

ന്യൂദല്‍ഹി: പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി ഉണ്ടായത്. സുപ്രീംകോടതി വിധിയോടെ പള്ളികളിലെ തര്‍ക്കം പരിഹരിച്ച് ഏകീകൃത ഭരണ സംവിധാനം നിലവില്‍ വരാനാണ് സാധ്യത. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. മലങ്കര സഭയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934ലെ ഭരണഘടന അനുസരിച്ച് ഭരണനിര്‍വഹണം നടത്തണമെന്നാണ് വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ക്ക് കീഴിലുള്ള രണ്ടായിരത്തോളം പള്ളികളില്‍ നൂറിടത്താണ് തര്‍ക്കം നിലനില്‍ക്കുന്നത്. 1913ലെ ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ള ഇടവകകളില്‍ ഭരണം പാടില്ലെന്നും കോടതി വിധിച്ചു. 1995ലെ സുപ്രീംകോടതി വിധിക്കെതിരായ യാക്കോബായ വിഭാഗത്തിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. 1934ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്നായിരുന്നു 1995ല്‍ ജസ്റ്റിസുമാരായ ആര്‍.എം സഹായി, ബി.പി ജീവന്‍ റെഡ്ഡി, എസ്. സി സെന്‍ എന്നിവരുടെ മൂന്നംഗ ബെഞ്ച് വിധിച്ചത്. എന്നാല്‍ വിധി അംഗീകരിക്കാന്‍ യാക്കോബായ വിഭാഗം തയ്യാറായിരുന്നില്ല. വിധി മറികടക്കാന്‍ 2002ല്‍ യാക്കോബായ സഭ പുതിയ ഭരണഘടന രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഈ ഭരണഘടന അസാധുവാണെന്നും ഇന്നലെ കോടതി വ്യക്തമാക്കി. 1995ലെ മൂന്നംഗ ബെഞ്ചിന്റെ വിധി ശരിവെച്ച കോടതി, 1934ലെ സഭാ ഭരണഘടന ആവശ്യമെങ്കില്‍ ഭേദഗതി ചെയ്യാമെന്നും അറിയിച്ചു. സുപ്രീംകോടതി വിധിയെ ഓര്‍ത്തഡോക്‌സ് സഭ സ്വാഗതം ചെയ്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.