കൊച്ചി: കൊച്ചിയില്‍ പ്രുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയരായ നടന് ദിലീപും സംവിധായകന് നാദിര്‍ഷയും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മുന്‍കൂര്‍ ജാമ്യം തേടുന്നതിന് വേണ്ടിയാണ് ഇരുവരും കോടതിയെ സമീപിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍ ഇരുവരും ആരാഞ്ഞു. ഇതിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകരുമായി ഇരുവരും ചര്‍ച്ച നടത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന പോലീസ് അന്വേഷണത്തിന്റെ പുരോഗതി ഇവരുടെ അറസ്റ്റിലേയ്ക്ക് നീങ്ങുന്നതായാണ് സൂചന. ഇതിന് തക്കതായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
അതേസമയം, ഇതിന് പുറമെ പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം സംബന്ധിച്ചും പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് അറിയുന്നത്.അതു കൊണ്ട് തന്നെ രണ്ടു പേരെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ ഫോണില്‍ വിളിച്ചെന്ന് പൊലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ഇതിനിടെ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സുനിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സുനിയെ ഹാജരാക്കുന്നത്. അഡ്വ. ബിഎ ആളൂര്‍ സുനിക്ക് വേണ്ടി ഹാജരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: