പനിച്ചൂടില്‍ ജില്ലാ ആശുപത്രി

Tuesday 4 July 2017 10:55 am IST

കൊല്ലം: ഒരു മാസത്തിനിടയില്‍ ആറായിരത്തോളം പേരാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയത്. ഒരുദിവസം ശരാശരി 200 മുതല്‍ 250 പേര്‍ വരെ പനിക്ക് ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കാലവര്‍ഷത്തിന്റെ തുടക്കം മുതല്‍ പനിബാധിതരുടെ പ്രവാഹമായിരുന്നു. ഇവിടെ പനിക്ക് ചികിത്സക്ക് എത്തിയ ആരിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ല. പനിമരണവും ജില്ലാ ആശുപത്രിയിലുണ്ടായില്ലെന്നാണ് അവകാശവാദം. മൂന്നാം നിലയിലാണ് പനിബാധിതര്‍ക്കുള്ള വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്. 25 കിടക്കകളാണ് ഇവിടെയുള്ളത്. എന്നാല്‍ ഇത് പരിമിതമാണെന്നാണ് ചികിത്സ തേടിയെത്തുന്നവര്‍ പറയുന്നത്. കഴിഞ്ഞദിവസവും 283 പേര്‍ ജില്ലാ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയെത്തി. പകര്‍ച്ചപ്പനിയുടെ പശ്ചാത്തലം കണക്കിലെടുത്ത് ഉച്ചക്ക് ഒന്നുമുതല്‍ വൈകിട്ട് ആറ് വരെ പ്രത്യേക പനിക്ലിനിക്ക് ക്രമീകരിച്ചിട്ടുണ്ട്. ദിവസവും നിരവധി പേരാണ് പനിക്ലിനിക്കില്‍ ചികിത്സക്കെത്തുന്നത്. രാവിലെ വരുന്നവരെ ഒപിയില്‍ കൂടുതല്‍സമയം വരിനിര്‍ത്താതെ ചികിത്സ നല്‍കി ഡോക്ടര്‍മാര്‍ വിടുന്നുണ്ടെങ്കിലും ഏറെ നേരം മരുന്നിനായി ഫാര്‍മസിക്ക് മുന്നില്‍ ക്യു നില്‍ക്കേണ്ട സ്ഥിതിയാണ്. കൂട്ടിരിപ്പുകാരില്ലാതെ വരുന്നവരേറെയും ഫാര്‍മസി ക്യൂവില്‍ കുഴഞ്ഞുവീഴുന്നതും വശങ്ങളിലേക്ക് മാറിയിരിക്കുന്നതും പതിവായിട്ടുണ്ട്. പനിയുള്ളവര്‍ സ്വയംചികിത്സക്ക് നില്‍ക്കാതെ എത്രയുംവേഗം ആശുപത്രിയിലെത്തി ഡോക്ടറെ കാണണമെന്നാണ് ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ബോധവല്‍ക്കരണം. രോഗം വന്നവര്‍ അധികവും ഭയപ്പാടിലാണെന്നും ഇതിന് കൃത്യമായ പരിശോധനകള്‍ അനിവാര്യമാണെന്നും അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.