ദേവാനന്ദത്തിലെത്തിയ ശുഭാനന്ദം

Tuesday 4 July 2017 7:17 pm IST

ദുഃഖങ്ങള്‍ക്കറുതി തേടിയൊഴുകുന്ന മനസ്സുകളുടെ പ്രവാഹമാണ് ശുഭാനന്ദാശ്രമത്തിലേക്ക്. ആത്മബോധോദയമാര്‍ഗത്തിലൂടെ മനസ്സിനെ മാലിന്യമുക്തമാക്കുന്ന വ്രതനിഷ്ഠകള്‍. കര്‍മ്മമാര്‍ഗ്ഗം മാതൃകയാക്കുന്ന ജനലക്ഷങ്ങളാണ് ശുഭാനന്ദാശ്രമത്തിന്റെ ശക്തിയും ചൈതന്യവും. ഇവിടെ യുവത്വം ശുഭാനന്ദാശ്രമത്തില്‍ ദേവരൂപമണിഞ്ഞിരിക്കുകയാണ്. ശുഭാനന്ദ ദിവ്യദര്‍ശനവും നാമനിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രചരിപ്പിക്കാനാണ് ആശ്രമ മഠാധിപതിയായി ചുമതലയേറ്റ ദേവാനന്ദ ഗുരുദേവന്റെ ഇനിയുള്ള നിയോഗം. 1950-ല്‍ ശുഭാനന്ദ ഗുരുദേവന്റെ മഹാസമാധിക്കുശേഷം പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ആനന്ദജീ ഗുരുദേവന്‍ ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തില്‍ മഠാധിപതിയായി അവരോധിക്കപ്പെട്ടു. അധികം താമസിയാതെ തന്നെ ഇപ്പോഴത്തെ മഠാധിപതി ദേവാനന്ദജീയുടെ പിതാവായ കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി പുരുഷോത്തമന്‍ ചെറുകോല്‍ സന്നിധാനത്തിലെത്തി ആനന്ദജീ ഗുരുദേവനെ ദര്‍ശിക്കുവാന്‍ ഇടയായി. പിന്നീട് ആനന്ദജീ ഗുരുദേവ തിരുവടികളുടെ വിശ്വസ്ത ശിഷ്യനായി ജീവിച്ച പുരുഷോത്തമന്റെ വിവാഹം, ജോലി തുടങ്ങി സര്‍വ്വകാര്യങ്ങള്‍ക്കും ആനന്ദജീ ഗുരുദേവനാണ് കാര്‍മ്മികത്വം വഹിച്ചത്. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന ആത്മബോധോദയ സംഘാദര്‍ശത്തിന്റെ വിശ്വാസപ്രമാണപ്രകാരം പുരുഷോത്തമനും തൊടിയൂര്‍ പുതുക്കാട്ട് ശാന്തമ്മയും തമ്മിലുള്ള മിശ്രവിവാഹം തീരുമാനിച്ചുറപ്പിച്ചതും ആനന്ദജീ ഗുരുദേവന്‍ തന്നെയായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹം 1972 ഡിസംബര്‍ 7-ന് ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍ ഗുരുദേവന്‍ തന്നെ കാര്‍മ്മികത്വം വഹിച്ചുകൊണ്ട് നടത്തി. ഇവരുടെ മൂന്നു മക്കളില്‍ സീമന്തപുത്രനാണ് ദേവരാജന്‍. പിതാവ് പുരുഷന്‍ ആശ്രമത്തിലെത്തി 12 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ദേവാനന്ദന്റെ ജനനം. ഒരു വ്യാഴവട്ടക്കാലത്തിന് (12വര്‍ഷം) ശുഭാനന്ദദര്‍ശനത്തില്‍ വളരെ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്. ദേവരാജന് ആദ്യമായി തൊട്ടുകൊടുക്കല്‍ എന്ന കര്‍മ്മവും സ്വാമി തന്നെ നിര്‍വ്വഹിച്ചു. മക്കള്‍ക്ക് നാമകരണം, അന്നപ്രാശം, വിദ്യാരംഭം എല്ലാം ആനന്ദജീ ഗുരുദേവനാണ് നിര്‍വ്വഹിച്ചത്. മാതാപിതാക്കള്‍ തങ്ങളുടെ മൂത്തകുഞ്ഞിന് പേരിടുവാനായി ആനന്ദജീ ഗുരുദേവന്റെ അരികില്‍ എത്തിയപ്പോള്‍ ''ദേവരാജന്‍'' എന്ന നാമകരണം ചെയ്യുകയും ''ഇവന്‍ ദേവന്മാരുടെ രാജാവായി വാഴട്ടെ'' എന്ന് അനുഗ്രഹിക്കുകയും ചെയ്തു. ചെറുപ്പം മുതല്‍ക്കു തന്നെ മാതാപിതാക്കള്‍ക്കൊപ്പം ചെറുകോല്‍ ആശ്രമത്തിലെ ഞായറാഴ്ച ആരാധനയിലും മുടങ്ങാതെ പങ്കെടുത്തിരുന്ന ദേവരാജനെ 1985-ല്‍ പൂരം പക്കനാളില്‍ ഗുരുപ്രസാദ് ഗുരുദേവന്‍ സത്യോപദേശം കേള്‍പ്പിച്ചു. അന്നു 11 വയസ്സായിരുന്നു ദേവരാജന്. ആനന്ദജീ ഗുരുദേവന്റെ 11-ാം വയസ്സില്‍ ഇതേ പ്രായത്തിലാണ് 50 വര്‍ഷം മുമ്പ് ശുഭാനന്ദ ഗുരുദേവന്‍ തനിക്കു പകരമായി കുഞ്ഞിനെ നേര്‍ച്ചയായി സ്വീകരിച്ചതെന്നോര്‍ക്കുമ്പോള്‍ ആനന്ദജീ ഗുരുദേവന്‍ അന്നേ ദേവരാജന്‍ കുഞ്ഞിനെ തനിക്കു പകരമായി കണ്ടിരുന്നു എന്നുവേണം കരുതാന്‍. ഒരു ഇടത്തരം കുടുംബത്തിലെ പരിമിതമായ വരുമാനത്തില്‍ ഒതുങ്ങി നിന്നുകൊണ്ട് അനാര്‍ഭാട ജീവിതമാണ് ദേവരാജന്‍ നയിച്ചത്. 19-ാം വയസ്സില്‍ ചെറുകോല്‍ ആശ്രമത്തിലെ അന്തേവാസിയായിത്തീരാനായിരുന്നു നിയോഗം. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം 1994-ലെ പൂരം മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ഭാഗമായി ആശ്രമത്തിലെ പെയിന്റിംഗ് ജോലിക്കായി ഗുരുപ്രസാദ് ഗുരുദേവന്റെ കല്‍പന പ്രകാരം ചെറുകോലില്‍ എത്തിച്ചേര്‍ന്നു. പിന്നീട് ഗുരുദേവന്റെ ദിവ്യസ്‌നേഹത്തിനു മുമ്പില്‍ എല്ലാംതന്നെ മറന്നുള്ള ജീവിതമായിരുന്നു. ആനന്ദജീ ഗുരുദേവന്‍ സമാധിയായി പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അതേ ദിവസം തന്നെ, 2000 മെയ് 17 ബുധനാഴ്ച ഗുരുപ്രസാദ് ഗുരുദേവന്‍ തിരുശ്ശരീരം വെടിഞ്ഞു. തുടര്‍ന്ന്, പിന്‍തുടര്‍ച്ചക്കാരനായി ബ്രഹ്മശ്രീ സദാനന്ദസിദ്ധ ഗുരുദേവ തിരുവടികള്‍ മഠാധിപതിയായി സ്ഥാനാരോഹണം ചെയ്തു. സമാധിദിനമായ 2017 മാര്‍ച്ച് 22വരെ നിഷ്‌കളങ്കമായി നിഷ്‌കാമകര്‍മ്മം ചെയ്ത് സദാനന്ദസിദ്ധ ഗുരുദേവന്റെ തിരുഹൃദയം നിറഞ്ഞ വരപ്രസാദത്തിന് പാത്രീഭൂതനായിത്തീര്‍ന്നു. ഗുരുപാദശുശ്രൂഷയ്‌ക്കൊപ്പം താരാസ്തുതികള്‍ ഉള്‍പ്പെടെ യുവജനസ്തുതി, പന്ത്രണ്ടാചാര്യ സ്തുതി, 27 ആചാര്യ സ്തുതി തുടങ്ങി ആശ്രമത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാമനിയമാദികളും ആചാരാനുഷ്ഠാനങ്ങളും എല്ലാം തെറ്റാതെ പാലിച്ചുകൊണ്ട് മുഴുവന്‍ സമയവും സദാനന്ദസിദ്ധ ഗുരുദേവനോടൊത്ത് പാദസേവ ചെയ്തുവന്നു. സദാനന്ദസിദ്ധഗുരുദേവന്റെ സമാധിയെത്തുടര്‍ന്ന് 2017 മാര്‍ച്ച് 22 ന് സ്വാമി ദേവാനന്ദനെ മാനേജിംഗ് ട്രസ്റ്റിയായും ശ്രീശുഭാനന്ദാശ്രമാധിപതിയായും തെരഞ്ഞെടുത്തു. നിയുക്ത മഠാധിപതിയെന്ന നിലയില്‍ സദാനന്ദസിദ്ധ ഗുരുദേവന്റെ സമാധിയിരുത്തല്‍ ചടങ്ങുള്‍പ്പെടെയുള്ള സമസ്ത കാര്യങ്ങളും ദേവാനന്ദ ഗുരുദേവന്‍ നടത്തി. ദേവരാജന്റെ ജനനം മുതല്‍ ദൈവീക ദാനത്തിന്റെ വിവിധ ആത്മരൂപാന്തര ഘട്ടങ്ങളില്‍ക്കൂടിയാണ് ജ്ഞാനപരിപൂര്‍ണ്ണത പ്രാപിച്ച്, മോക്ഷം പ്രദാനം ചെയ്യേണ്ട പരമാചാര്യ പദവിയിലേക്കു ദേവാനന്ദ ഗുരുദേവന്‍ എത്തിച്ചേര്‍ന്നത്.