സ്ത്രീയുടെ സുരക്ഷയ്ക്കായി

Tuesday 4 July 2017 7:07 pm IST

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. നിയമങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും വേണ്ടത്ര ശക്തമല്ലതാനും. നാല് സ്ത്രീകളില്‍ ഒരാള്‍ വീതം ലൈംഗിക അതിക്രമങ്ങള്‍ക്കോ അതുപോലുള്ള ക്രൂരകൃത്യങ്ങള്‍ക്കോ ഇരയാകുന്നുണ്ട് എന്നാണ് കണക്ക്. 2012 ലാണ് രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗം നടന്നത്. നിര്‍ഭയ കേസിന് ശേഷമാണ് കൂടുതല്‍ ശക്തമായ സ്ത്രീസുരക്ഷാ നിയമങ്ങളുടെ ആവശ്യകതയെപ്പറ്റി രാജ്യം ചിന്തിച്ചതുതന്നെ. നിലവിലെ നിയമങ്ങള്‍ പുനപരിശോധിക്കുന്നതിന് ജസ്റ്റിസ് ജെ.എസ്. വര്‍മ ചെയര്‍മാനായ വര്‍മ കമ്മറ്റി രൂപീകരിച്ചു. നിലവിലെ നിയമത്തില്‍ നിരവധി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കമ്മറ്റി സമര്‍പ്പിച്ചു. കമ്മറ്റിയുടെ ശുപാര്‍ശകളില്‍മേല്‍ കുറ്റകൃത്യ നിയമ ഭേദഗതി ബില്‍ 2013 ഫെബ്രുവരി മൂന്നിന് പ്രാബല്യത്തില്‍ വന്നു. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ്, മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ചെറുക്കുന്നതിന് ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ ഈ നിയമം അപര്യാപ്തമായി വന്നതോടെയാണ് സെക്ഷന്‍ 354 സി പ്രാബല്യത്തില്‍ വന്നത്. ഒരു സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള മറ്റൊരാളുടെ ഇടപെടല്‍ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യമാണ് സെക്ഷന്‍ 354 സിയ്ക്കുള്ളത്. ഇത്തരത്തില്‍ സ്ത്രീയുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യത ചിത്രീകരിക്കുകയോ ഒളിഞ്ഞുനോക്കുകയോ ചെയ്താല്‍ ആ കുറ്റകൃത്യം ചെയ്യന്നയാള്‍ക്ക് കുറഞ്ഞത് ഒരുവര്‍ഷത്തില്‍ കുറയാത്ത തടവും പിഴയുമായിരിക്കും ശിക്ഷ. തടവ് ശിക്ഷ മൂന്ന് വര്‍ഷം വരെ നീട്ടാം. ഇതേകുറ്റകൃത്യം തന്നെ വീണ്ടും ആവര്‍ത്തിച്ചാല്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത തടവും പിഴയുമാണ് ശിക്ഷ. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ നീട്ടുകയും ചെയ്യാം. സ്ത്രീയുടെ സ്വകാര്യത എന്നതില്‍ ലൈംഗികത, വസ്ത്രം മാറുക, കുളിക്കുക തുടങ്ങി മറ്റൊരാള്‍ കാണരുതെന്ന് കരുതുന്ന കാര്യങ്ങളെല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍ ഈ നിയമത്തെ കുറിച്ച് വേണ്ടത്ര അവബോധം സ്ത്രീസമൂഹത്തിന് ഇല്ല. പേപ്പറില്‍ മാത്രം ഒതുങ്ങുന്ന ഈ നിയമത്തെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണം നടത്തേണ്ടതുണ്ട്. ഗോവയിലെ ഫാബ് ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒളിക്യാമറ കണ്ടെത്തിയപ്പോഴാണ് ഈ നിയമത്തെക്കുറിച്ച് പലരും കേട്ടതുതന്നെ. അന്ന് സ്മൃതി കേസ് ഫയല്‍ ചെയ്തത് ഈ സെക്ഷന്‍ 354 സി പ്രകാരമാണ്. സ്വകാര്യതയിലേക്കുള്ള കയന്നുകയറ്റം മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണ്. സുരക്ഷിതമായ അന്തരീക്ഷം, മാന്യതയോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശം ഇതെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. സ്ത്രീക്കുനേരെ ലൈംഗികച്ചുവയോടെയുള്ള നോട്ടം പോലും ഈ അവകാശത്തിന്റെ ലംഘനമാണ് എന്ന് വരുന്നു. നിയമജ്ഞര്‍ ധാരാളമുള്ള നാടാണ് ഇന്ത്യ. അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നു കണ്ടാല്‍ പ്രതികരിക്കാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ മാത്രമേ സ്ത്രീ സമൂഹത്തിന് നേരെയുള്ള ക്രൂരത ചെറുക്കാന്‍ സാധിക്കുകയുള്ളൂ. ശക്തമായ ഒരു നിയമവ്യവസ്ഥിതി നിലവിലുണ്ടെങ്കിലേ സമാധാനത്തോടെ ഏതൊരാള്‍ ക്കും രാജ്യത്ത് ജീവിക്കാനും സാധിക്കൂ.