കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും സമാനമായ അവസ്ഥ റോഡുകളില്‍ അപകട ഭീഷണിയുയര്‍ത്തി കുഴികള്‍ : യാത്ര ദുഷ്‌കരമാവുന്നു

Tuesday 4 July 2017 7:14 pm IST

കണ്ണൂര്‍: മഴക്കാലത്തിന് മുന്നെ അറ്റകുറ്റപ്പണി നടത്താത്ത റോഡുകളും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റും കുഴികള്‍ നിറഞ്ഞ് വെളളം കെട്ടിനിന്ന് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകള്‍ കുഴികള്‍ നിറഞ്ഞ് അപകട ഭീഷണിയിലാണ്. പൊട്ടിപ്പൊളിഞ്ഞ റോഡും റോഡിലെ വന്‍ കുഴികളും ചെറു വാഹനങ്ങളുടെ യാത്രയും ചിലയിടങ്ങളില്‍ കാല്‍നട യാത്ര പോലും ദുസഹമാക്കുന്നു. കണ്ണൂര്‍ നഗരത്തില്‍ മേലെചൊവ്വ മുതല്‍ താണ വരെയുള്ള പാതയില്‍ വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. താണയുടെ ഒരു ഭാഗം മുതല്‍ പുതിയതെരു വരെ അടുത്തിടെ മെക്കാഡം ടാറിങ്ങ് നടത്തിയിരുന്നു. എന്നാല്‍ മേലെചൊവ്വ മുതല്‍ താണ വരെ അറ്റകുറ്റപ്പണിയൊന്നും നടത്തിയതുമില്ല. അറ്റകുറ്റപ്പണി നടത്താത്ത ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരത്താണ് വിവിധ ഭാഗങ്ങളില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ടികെ ജംഗ്ഷന്‍, താണയിലെ പൊതുശ്മശാനത്തിന് സമീപം എന്നിവിടങ്ങളിലാണ് വന്‍കുഴികളുള്ളത്. മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യമായതോടെ കുഴികളുടെ വ്യാപ്തം വര്‍ധിച്ചു. മേലെചൊവ്വ ഭാഗത്ത് നിന്നു വേഗത്തിലെത്തുന്ന വാഹനങ്ങള്‍ പൊടുന്നനെ കുഴിയില്‍ വീഴുകയാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് കുഴിയില്‍ കൂടുതലായും ചാടുന്നത്. റോഡില്‍ കുഴികള്‍ നിറഞ്ഞത് രാത്രിയാത്രക്കാരെ കൂടുതലായും വലയ്ക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ കനത്ത മഴ കൂടി പെയ്യുന്നതോടെ കുഴികളില്‍ വെള്ളം നിറയുന്നതിനാല്‍ ഇവ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. മുന്നില്‍ കുഴി കാണവെ ഞൊടിയില്‍ വാഹനം വശങ്ങളിലേക്ക് തിരിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നതും അപകട സാഹചര്യമൊരുക്കുകയാണ്. റോഡിലെ കുഴികള്‍ ഉടന്‍ നികത്താന്‍ അധികാരികള്‍ മുന്നോട്ട് വന്നില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുത്തുകയായിരിക്കും. റോഡില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യവുമുണ്ട്. ഫോറസ്റ്റ് ഓഫീസിലേക്കുള്ള വഴിക്ക് സമീപം താണയില്‍ റോഡിന് ഒരുവശം മഴവെള്ളം കെട്ടിനില്‍ക്കുകയാണ്. വെള്ളക്കെട്ടിന്റെ സാന്നിധ്യം ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നത്. ഇതിനിടെ റോഡില്‍ ചിലയിടങ്ങളില്‍ റിഫഌക്ടര്‍ സ്ഥാപിക്കാത്തതും യാത്രക്കാര്‍ക്ക് ദുഷ്‌കരമാവുകയാണ്. മക്കാനി ജംഗ്ഷനില്‍ റിഫ്‌ളക്ടറില്ലാത്തിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചരക്കുലോറി അപകടത്തില്‍പ്പെട്ടിരുന്നു. റിഫഌക്ടറില്ലാത്തതിനാല്‍ വലിയ വാഹനങ്ങള്‍ ഡിവൈഡറുകളില്‍ കയറി അപകടം സംഭവിക്കുന്നത് പതിവാകുകയാണ്. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റാകട്ടെ പൂര്‍ണ്ണമായും കുണ്ടുംകുഴിയും നിറഞ്ഞ് തകര്‍ന്ന് കിടക്കുകയാണ്. ബസ്സുകള്‍ സ്റ്റാന്റിലേക്ക് കയറുന്ന റോഡ് പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണ്. കാള്‍ടെക്‌സിനു മുന്നിലെ ബസ് സ്റ്റോപ്പിന് മുന്നിലൂടെ സ്റ്റാന്റിലേക്ക് കടക്കുന്ന ഭാഗവും കുണ്ടും കുഴിയും നിറഞ്ഞ് തകര്‍ന്നുകിടക്കുകയാണ്. ശക്തമായ മഴയില്‍ കുഴികളിലെല്ലാം വെളളം നിറഞ്ഞു കിടക്കുകയാണ്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വെളളവും ഇളകിത്തെറിച്ച കല്ലുകളും കാരണം പരിക്കേല്‍ക്കുന്നതും മറ്റും പതിവായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.