ജീവിത പദ്ധതിയാണ് ഹിന്ദുത്വം

Tuesday 4 July 2017 10:27 pm IST

ഇസ്ലാംമതം, ക്രിസ്തുമതം, ബുദ്ധമതം, സിക്കുമതം പോലു ള്ള മതങ്ങളുടെ തിട്ടമായ ചട്ടക്കൂട്ടില്‍ ഹിന്ദുത്വത്തെ കയറ്റാന്‍ നോക്കരുത്. ശാസ്ത്രീയമായ അര്‍ത്ഥത്തില്‍ ഹിന്ദുമതമെന്നൊന്നില്ല. ഉള്ളത് ഹിന്ദുധര്‍മ്മമാണ്. ഹിന്ദുത്വമാണ്. ഹൈന്ദവജീവിതരിയാണ്. അതുകൊണ്ടാണ് ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് കേരളത്തിലെ ഹൈക്കോടതി ഒരു വിധിയില്‍ ഹിന്ദുമതം മതമല്ല ജീവിതരീതിയാണ് എന്നുപറഞ്ഞത്. ഡോ: രാധാകൃഷ്ണന്റെ വാക്കുകളില്‍ ('The religion of Hindus is not so much a theology as a scheme of life. Whether one is an orthodox Hindu or not depends not on whether one believes this or that view of Gods. But whether one accepts or rejects the Dharma') (P. 76 Indian Religions) (ഹൈന്ദവമതം ദൈവശാസ്ത്രത്തെക്കാളുപരി ഒരു ജീവിത പദ്ധതിയാണ്. ഹിന്ദു യാഥാസ്ഥിതികനായിരിക്കാം, അല്ലായിരിക്കാം. അയാള്‍ ഏതു ദൈവത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നതല്ല കാര്യം, പ്രത്യുത ധര്‍മം സ്വീകരിക്കുന്നോ ഇല്ലയോ എന്നതാണ്) ഈ സത്യം നാം മനസ്സില്‍ ധരിച്ചാല്‍ മാത്രമേ നമുക്ക് സചേതനമായ സനാതന ഹിന്ദുത്വത്തിന്റെ സീമകള്‍ അവികലമായി വികസിപ്പിക്കാന്‍ കഴിയൂ. ആ ശ്രമം സമന്വയാത്മകമായിരിക്കണം. മാര്‍ഗം കൂട്ടുന്ന ത്വരയുള്ള മതങ്ങളെ അനുകരിച്ചുകൊണ്ടുള്ളതാകരുത്. അതിന്റെ സ്വഭാവം പട്ടാളത്തിന്റെ ചിട്ടയും ചട്ടവും വളര്‍ത്തുന്ന ഏകരൂപത ആയിരിക്കരുത്, നേരെ മറിച്ച് വൈവിധ്യമാര്‍ന്ന മനുഷ്യമൗലികതയെ അംഗീകരിക്കുന്ന സമത്വമായിരിക്കണം. ഈ ഭാവാത്മക ദിശയിലേക്കുള്ള മംഗളകരമായ നീക്കം ഹിന്ദുസമൂഹം തുടങ്ങിക്കഴിഞ്ഞുവെന്നു നിസ്സംശയം പറയാം. ഇതു സംബന്ധിച്ച് നമുക്ക് വളരെ കൂടുതല്‍ വെളിച്ചം തരുന്ന സംഭവമാണ് മാര്‍ഗരറ്റ് നോബിളിന്റേത്. ഒരു ക്രിസ്ത്യന്‍ ഉപദേശിയുടെ മകള്‍, ഗോമാംസം ഭക്ഷിക്കുന്ന നാട്ടിലുള്ളവള്‍, അടക്കവും ഒതുക്കവുമില്ലാത്ത വെള്ളക്കാരുടെ ജാതിയില്‍ പിറന്നവള്‍- ഇവളെ ഹിന്ദുസ്ഥാനം സ്വീകരിക്കുമോ? ഇതായിരുന്നു സ്വാമി വിവേകാനന്ദന്റെ ഉള്ളിന്റെ ഉള്ളില്‍ ഇടയ്‌ക്കെല്ലാം പൊന്തിവന്ന ആശങ്ക. അതിനെക്കുറിച്ചദ്ദേഹം ചിലപ്പോഴെല്ലാം തന്റെ ആത്മമിത്രങ്ങളോട് പറഞ്ഞിട്ടുമുണ്ട്. ഒടുവില്‍ അദ്ദേഹം നിശ്ചിച്ചു: 'അമ്മ, ശാരദാമണിദേവി, അവളെ സ്വീകരിച്ചാല്‍ പിന്നെ ഹിന്ദുസ്ഥാനവും സ്വീകരിക്കും. മെല്ലെ അദ്ദേഹം സ്വന്തം ശിഷ്യയെ അമ്മയുടെ അരികിലേക്ക് നയിച്ചു. എന്തായിരിക്കും പ്രതികരണം? അദ്ദേഹത്തിന്റെ ഓരോ തുടിപ്പും ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആ നവാഗതയെ കാണേണ്ട താമസം 'മോളേ വാ വാ' എന്നുവിളിച്ച് ദേവി അവളെ അടുത്തുവിളിച്ചിരുത്തി തലോടി. മാര്‍ഗരറ്റ് നോബിള്‍ നിവേദിതയായി! സ്വാമിജി നിശ്ചയിച്ചതുപോലെ നടന്നു. ഭാരതം അവളെ സ്വീകരിച്ചു. വാസ്തവത്തില്‍ ഇതൊരു വേര്‍പെട്ട വെറും സംഭവമല്ല. നേരെമറിച്ച് ഇനിയങ്ങോട്ട് നടക്കാന്‍ പോകുന്ന പ്രവണതയുടെ പ്രതീകാത്മക ചിത്രീകരണമാണ്. ഇവിടെ മാര്‍ഗരറ്റ് നോബിള്‍ പാശ്ചാത്യനാഗരികതയുടെ പ്രതീകമാണ്. ശാരദാമണിദേവി ഹൈന്ദവധര്‍മ്മത്തിന്റേത്-പുറമെ യാഥാസ്ഥിതികമെന്നു തോന്നുമെങ്കിലും അകത്ത് ആരെയും സ്വീകരിക്കുന്ന സമാവേശഭാവമുള്ള സാംസ്‌കാരിക വ്യക്തിത്വത്തിന്റെ ഉടമ. പാശ്ചാത്യം പൗരസ്ത്യത്തെ സമീപിക്കുന്നു. പൗരസ്ത്യം സ്വീകരിക്കുമോ എന്ന ഭയം അന്തരീക്ഷത്തില്‍ മുറ്റിനില്‍ക്കുന്നു. പൗരസ്ത്യം പഴയ ഗ്രസിഷ്ണുത്വം വീണ്ടെടുത്തുകൊണ്ടുള്ള സ്വന്തം സീമകള്‍ വികസിപ്പിക്കുന്നു. സങ്കുചിതത്വം കൈവെടിയുന്നു. പുതിയതു സ്വായത്തമാക്കാന്‍ കൈനീട്ടുന്നു. കിട്ടിയതിനെ പ്രേമത്തോടെ കൈവിരല്‍ത്തുമ്പുകള്‍കൊണ്ട് തലോടുന്നു. തലോടിത്തലോടിത്തന്നില്‍ ലയിപ്പിക്കുന്നു. വിദേശീയരുടെ കാര്യത്തിലെന്നതുപോലെ സ്വദേശീയരുടെ കാര്യത്തിലും ഈ പ്രവണതയും പെരുമാറ്റവും പ്രകടമാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഡോ: രാധാകൃഷ്ണന്‍ പറഞ്ഞ അഹൈന്ദവമതങ്ങള്‍ ചൂഷണം ചെയ്യുന്ന മേച്ചില്‍സ്ഥലങ്ങള്‍ നമുക്ക് അന്യാധീനപ്പെടാതെ നിലനിര്‍ത്താന്‍ കഴിയൂ. കാര്യഗൗരവം മനസ്സിലാക്കി ഹിന്ദുക്കള്‍ ആ ദിശയിലേക്കും നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ദൈവശാസ്ത്രത്തേക്കാളുപരി ജീവിതരീതിയാണ് ഹിന്ദുത്വമെങ്കില്‍ സ്വാഭാവികമായും നമ്മുടെ ശ്രദ്ധ പതിയേണ്ടത് ജീവിതരീതി അനുവര്‍ത്തിക്കുന്ന സമൂഹത്തിന്റെ നേര്‍ക്കാണ്. സചേതന ഹിന്ദുത്വം വരുത്തുന്ന പരിണാമം കാണപ്പെടേണ്ടത്, ഹിന്ദുശബ്ദനിര്‍വചനത്തിന്റെ വരികളിലല്ലാതെ ഹിന്ദുജനാവലി താമസിക്കുന്ന ചേരികളിലാണ്. അതും ഇന്നു മെല്ലെ കണ്ടുതുടങ്ങിയിരിക്കുന്നു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.