വീണ്ടും മാലിന്യം പൊതുനിരത്തില്‍; കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല

Tuesday 4 July 2017 8:45 pm IST

ചങ്ങനാശേരി: നഗരസഭാ പരിധിയില്‍ വീണ്ടും മാലിന്യനിക്ഷേപം. പെരുന്ന എന്‍എസ് കോളജിന് സമീപമുള്ള റോഡ്, ടിബി റോഡ്, പെരുന്ന ബസ് സ്റ്റാന്‍ഡിന് കിഴക്കുവശമുള്ള റോഡ്, ബൈപാസ് റോഡ് എന്നിവടങ്ങളിലാണ് വീണ്ടും മാലിന്യം തള്ളുന്നത്. ഈ റോഡുകളില്‍ മാലിന്യം കുന്നുകൂടി ദുര്‍ഗ്ഗന്ധം ഉയര്‍ന്നപ്പോള്‍ ഒരാഴ്ചമുമ്പ് ഇവിടങ്ങളില്‍ നിന്നും മുഴുവന്‍ മാലിന്യവും നീക്കം ചെയ്തിരുന്നു. ഈ സ്ഥലങ്ങളില്‍ വീണ്ടും മാലിന്യം തള്ളിയിട്ടും അധികൃതര്‍ നടപടിക്ക് തയ്യാറാവുന്നില്ല. ഫാത്തിമ പുരത്തുള്ള നഗരസഭാ ഡംബിംഗ് യാര്‍ഡില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പരിസരവാസികള്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇതാണ് പൊതുനിരത്തില്‍ മാലിന്യ നിക്ഷേപത്തിന് പ്രേരണ. മാംസാവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കൂടുകളില്‍ കെട്ടിയാണ് വഴിവക്കില്‍ തള്ളുന്നത്. തെരുവുനായ്ക്കള്‍ പ്ലാസ്റ്റിക്ക് കൂടുകള്‍ കടിച്ചു വലിച്ച് കിണറുകള്‍ക്ക് സമീപം കൊണ്ടിടുന്നുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ ഭീതിക്ക് കാരണമായിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി പോലീസും നഗരസഭയും ശക്തമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം. മുന്‍പ് മാലിന്യം തള്ളിയ സ്ഥലങ്ങളില്‍ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഇവിടം വൃത്തിയായിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് പിടികൂടുന്നതിനുള്ള നടപടികള്‍ നഗരസഭ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് നഗരവാസികള്‍ ആവശ്യപ്പെടുന്നത്. ളായിക്കാട് ബൈപ്പാസ് റോഡില്‍ സ്ഥിരമായി മാലിന്യം തള്ളുന്നത് കണ്ടെത്തുന്നതിന് മൂന്ന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനം അട്ടിമറിച്ചതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മഴക്കാലം ശക്തി പ്രാപിച്ചതോടെ പകര്‍ച്ചവ്യാധികളും ഡങ്കിപ്പനി ഉള്‍പ്പെടെ മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിന് ഇതു കാരണമായേക്കുമോ എന്നാണ് ജനങ്ങളുടെ ഭീതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.