വടക്കാഞ്ചേരിയില്‍ മൂന്നിടത്ത് മോഷണം

Tuesday 4 July 2017 9:14 pm IST

വടക്കാഞ്ചേരി: വടക്കാഞ്ചേരി മേഖല മോഷ്ടാക്കളുടെ വിഹാരകേന്ദ്രമാകുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വടക്കാഞ്ചേരി മേഖലയില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു. പാര്‍ളിക്കാട് വ്യാസ എന്‍ എസ് എസ് കോളേജില്‍ ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നത്. കോളേജില്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ വിജയലക്ഷ്മിയുടെ ഓഫീസും പ്രധാന ഓഫീസ് മുറിയും കുത്തിത്തുറന്ന മോഷ്ടാക്കള്‍ ഇരു ഓഫീസുകളിലേയും എല്ലാ അലമാരകളും തകര്‍ത്തു. മുഴുവന്‍ സാധനസാമഗ്രികളും വാരിവലിച്ചിട്ട നിലയിലാണ്. ഒരു സി സി ടി വി ക്യാമറയും കമ്പ്യൂട്ടര്‍ മോണിറ്ററും കവര്‍ന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ മൗസ് വയറുകള്‍ മുറിച്ചിട്ട നിലയിലാണ്. ഇന്നലെ രാവിലെ കോളേജിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വടക്കാഞ്ചേരി പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സി ഐ ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വടക്കാഞ്ചേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും സമാനമായ രീതിയിലാണ് മോഷണശ്രമമുണ്ടായത്. പ്രിന്‍സിപ്പാള്‍ ഷെറിന്‍ സലീമിന്റെ ഓഫീസ് മുറിയും സ്റ്റാഫ് റൂമുമാണ് കുത്തിത്തുറന്നത്. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്റ്റാഫ് മുറിയില്‍ അധ്യാപകന്റെ പണമടങ്ങിയ ബാഗ് ഉണ്ടായിരുന്നെങ്കിലും ഇത് മോഷ്ടാവിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് വടക്കാഞ്ചേരി എസ് ബി ഐ ശാഖയില്‍ ഹൈടെക്ക് മാതൃകയില്‍ മോഷണശ്രമം നടന്നത്. കൂടാതെ നഗരസഭാതിര്‍ത്തിയായ അത്താണിയിലും ഫാന്‍സിക്കട കുത്തിത്തുറന്ന് പണമടക്കം മോഷ്ടിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന മോഷണപരമ്പര വടക്കാഞ്ചേരി പോലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കുറച്ചു മാസങ്ങള്‍ക്കുമുന്നേ മന്ത്രി എ സി മൊയ്തീന്റെ വസതിയില്‍ നടന്ന മോഷണക്കേസില്‍ പ്രതികളെപ്പെറ്റി യാതൊരു സൂചനയുമില്ലാതെ പോലീസ് നട്ടംതിരിയുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.