കുട്ടനാട്ടില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡില്ല

Tuesday 4 July 2017 9:08 pm IST

തലവടി: സര്‍ക്കാര്‍ അനാസ്ഥ താലൂക്കില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡില്ല. റേഷന്‍ കാര്‍ഡു വിതരണം അവസാനഘട്ടത്തിലായെങ്കിലും സിവില്‍ സപ്ലൈസ് പുറത്തിറക്കിയ ഒരു പട്ടികയിലും ഇവരുടെ പേര് ഉള്‍പ്പെട്ടിട്ടില്ല. തലവടി പഞ്ചായത്തില്‍ മാത്രം അഞ്ചു റേഷന്‍ കടകളുടെ പരിധിയില്‍ 461 പേര്‍ക്കാണ് കാര്‍ഡ് ലഭിക്കാത്തത്. നിലവില്‍ റേഷന്‍ കാര്‍ഡുളള ഗുണഭോക്താക്കളും ഇതിലുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ തയ്യാറാക്കിയ സോഫ്റ്റ് വെയറിലുണ്ടായ പിഴവാണ് ഇതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലയിലെ മറ്റു താലൂക്കിലും ഇത്തരത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ട. സിവില്‍ സപ്ലൈസിന്റെ സൈറ്റിലും ഇവരുടെ കാര്‍ഡ് വിവരങ്ങള്‍ ലഭ്യമല്ല. റേഷന്‍ കാര്‍ഡ് പുതുക്കുവാനുള്ള നടപടികള്‍ കൃത്യമായി പാലിച്ച ഗുണഭോക്താക്കള്‍ക്കും കാര്‍ഡില്ല. അദാലത്തുകള്‍ നടത്തി പുനപ്രസിദ്ധീകരിച്ച പട്ടികയെപ്പറ്റിയും പരാതികള്‍ ഉയരുന്നുണ്ട്. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെടുവാന്‍ അദാലത്തില്‍ പങ്കെടുത്ത തലവടി പഞ്ചായത്തിലെ അഞ്ഞൂറോളം ആളുകള്‍ പുതിയ പട്ടികയിലും ഉള്‍പ്പെട്ടിട്ടില്ല. ഇത്തരത്തില്‍ താലൂക്കില്‍ മുന്‍ഗണനാ പട്ടികയില്‍ പെടാത്തവര്‍ പതിനയ്യായിരത്തോളം വരും. നിലവില്‍ പട്ടികയിലൊന്നും പെടാത്തവര്‍ക്ക് പഴയ കാര്‍ഡിനനുസരിച്ച് റേഷന്‍ വിതരണം നടത്തുവാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ വ്യാപാരികള്‍ ഇതിനെ അനുകൂലിക്കുന്നില്ല. പുതിയ കാര്‍ഡുകള്‍ ലഭിക്കാത്തവര്‍ക്ക് റേഷന്‍ വിതരണം ചെയ്യണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് ഓള്‍ കേരളാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കാവനാട് പറഞ്ഞു. പുതിയ കാര്‍ഡുകള്‍ നിലവില്‍ വന്നതോടെ അതിനനുസരിച്ചാണ് കടകള്‍ക്ക് റേഷന്‍ വിഹിതം ലഭിക്കുന്നത്. അതിനാല്‍ കാര്‍ഡില്ലാത്ത ഉപഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കുക അസാധ്യമാണെന്നും അദേഹം പറഞ്ഞു. വ്യാപാരികളും ഗുണഭോക്താക്കളും തമ്മിലുള്ള തര്‍ക്കത്തിനും ഇടയാക്കുമെന്നതിനാല്‍ വ്യാപാരികളും ആശങ്കയിലാണ്. തലവടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ മാത്രം 200 പേര്‍ക്കാണ് കാര്‍ഡില്ലാത്തത്. തലവടി ഗവ. ഹൈസ്‌കൂളില്‍ പുതിയ കാര്‍ഡിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കാര്‍ഡ് ലഭ്യമായിട്ടില്ല. കാര്‍ഡില്ലാത്തവര്‍ക്ക് റേഷന്‍ നല്‍കുവാന്‍ സാധിക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അടിയന്തിരമായി പ്രശ്ന പരിഹാരത്തിന് സിവില്‍ സപ്ലൈസ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കുമെന്ന് പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.