ഉടമയും പാപ്പാന്‍മാരും തമ്മില്‍ തര്‍ക്കം; ആന പട്ടിണിയില്‍

Tuesday 4 July 2017 9:20 pm IST

പുതുക്കാട്: ഉടമയും പാപ്പാന്‍മാരും തമ്മിലുള്ള കൂലി തര്‍ക്കത്തെ തുടര്‍ന്ന് കണ്ണമ്പത്തൂരില്‍ അഞ്ച് ദിവസമായി ആന ഭക്ഷണം കിട്ടാതെ നരകിക്കുന്നു. കുഴൂര്‍ സ്വാമിനാഥന്‍ എന്ന കൊമ്പനാണ് അഞ്ച് ദിവസമായി തീറ്റ കിട്ടാതെ നില്‍ക്കുന്നത്. സമീപവാസികള്‍ നല്‍കുന്ന ഭക്ഷണമാണ് ആനക്ക് ഇപ്പോള്‍ ഏക ആശ്രയം. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ആനയെ കണ്ണമ്പത്തൂരിലെ വാടകക്ക് എടുത്ത പറമ്പില്‍ തളച്ചത്. നീരില്‍ കെട്ടിയ ആനയെ നാല് ദിവസം മുന്‍പാണ് അഴിച്ചത്. ഇതിനിടയില്‍ ഒന്നാം പാപ്പാനും ഉടമയും തമ്മില്‍ കൂലി തര്‍ക്കം ഉണ്ടാവുകയായിരുന്നു. നീരില്‍ നില്‍ക്കുന്ന സമയത്ത് ആനക്കുള്ള തീറ്റ ഉടമയാണ് എത്തിച്ചു നല്‍കിയിരുന്നത്. പിന്നീട് കൂലി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനക്ക് കൃത്യമായി ഭക്ഷണം കിട്ടാതായി. ദിവസം മുപ്പത് പട്ടയെങ്കിലും കഴിക്കേണ്ട ആനക്ക് ഒരു പട്ടപോലും കിട്ടാത്ത അവസ്ഥയാണ്. സമീപവാസിയായ ഒല്ലൂക്കാരന്‍ അമ്മിണിയാണ് ആനക്ക് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. നിര്‍ധന കുടുംബാംഗമായ അമ്മിണിയും മകള്‍ അംബികയും ചേര്‍ന്ന് ദിവസവും അഞ്ച് കിലോ അരി കഞ്ഞി വെച്ചാണ് ആനക്ക് നല്‍കുന്നത്. നാല് ദിവസമായി ഇവര്‍ നല്‍കുന്ന കഞ്ഞിയാണ് ആനയുടെ ഏക ആഹാരം. ആനയെ എറണാകുളത്തുള്ള പറമ്പില്‍ കൊണ്ട് വന്ന് കെട്ടണമെന്നാണ് ഉടമയുടെ ആവശ്യം. എന്നാല്‍ കൂലി നല്‍കാതെ ആനയെ അഴിക്കില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് പാപ്പാന്‍മാര്‍. ഒന്നാം പാപ്പാന് മുപ്പതിനായിരം രൂപ കൂലിയായി നല്‍കാനുണ്ടെന്നാണ് പറയുന്നത്. ഇതിനിടയില്‍ പല സ്ഥലങ്ങളില്‍ നിന്നും പട്ട കൊണ്ടുവന്ന് പാപ്പാന്‍മാര്‍ കൊടുത്തിരുന്നു. അക്കൗണ്ടില്‍ പണം ഇട്ടു തരാമെന്ന് പറഞ്ഞ് പല തവണ ഉടമ കബളിപ്പിച്ചതായും രണ്ടാം പപ്പാന്‍ പറഞ്ഞു. ഇതിനിടയില്‍ പാപ്പാന്‍മാര്‍ക്കെതിരെ കഴിഞ്ഞ ദിവസം ഉടമ പുതുക്കാട് പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തിയിരുന്നുവെങ്കിലും ആനക്ക് ഭക്ഷണം നല്‍കുന്നതിനുള്ള നടപടിയൊന്നും ഉണ്ടായില്ല. ആനക്ക് തീറ്റ നല്‍കാതെ തര്‍ക്കിച്ചു നടക്കുന്ന ഉടമക്കെതിരെ ആനപ്രേമികളും രംഗത്തെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.