ഡിഡിയുടെ ഉത്തരവുണ്ടായിട്ടും പ്രധാനാധ്യപികയെ തിരിച്ചെടുത്തില്ല

Tuesday 4 July 2017 10:22 pm IST

കൊല്ലങ്കോട് : മുതലമട എംപുതൂര്‍ എംജില്‍പി സ്‌കൂളില്‍ എഇഓയുടെ ഉത്തരവനുസരിച്ച് പ്രധാനാധ്യാപിക ചാര്‍ജെടുക്കാനായി എത്തിയെങ്കിലും ഓഫീസ് പൂട്ടിയതിനാല്‍ ഇവര്‍ക്ക് മൂന്നുമണിക്കുറോളം സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കേണ്ടിവന്നു. പ്രധാനാധ്യപിക ടി.എസ്.സജിയും, സ്‌കൂള്‍ മാനേജര്‍ ടി.ഒ.ഭാസ്‌ക്കരനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പ്രധാനാധ്യാപികയെ സസ്‌പെന്റ് ചെയ്തത്. 15 ദിവസത്തിനുശേഷം തിരിച്ചെടുക്കാമെന്ന വ്യവസ്ഥ പാലിക്കാതെയാണത്രെ പ്രശ്‌നം മാസങ്ങളോളമായി നീട്ടികൊണ്ടുപോകുന്നത്. ഇവരെക്കാള്‍ സീനിയറായ നാലധ്യാപകര്‍ ഉണ്ടെങ്കിലും ്അവരെ മറികടന്നാണ് അധ്യാപികയും സ്‌കൂള്‍ മാനേജറുടെ ഭാര്യയുമായ ബി.സുനിതയെ അധികാരപ്പെടുത്തിയത്. ഇതു സംബന്ധിച്ച് സജി എഇഒക്ക് പരാതി നല്‍കിടെങ്കിലും സസ്‌പെന്‍ഷന്‍ കാരണം എഇഒ റിപ്പോര്‍ട്ട് ശേഖരിച്ചശേഷം മാര്‍ച്ച് 20ന് അവരെ പ്രവേശിപ്പിക്കാന്‍ ഉത്തരവ് നല്‍കി. എന്നാല്‍ മാനേജര്‍ കേസുമായി മുന്നോട്ടു പോവുകയായിരുന്നു. മെയ് 27ന് ഡിഇഒയും അവരെ തിരിച്ചെടുക്കണമെന്ന് ഉത്തരവിറക്കിയെങ്കിലും മാനേജര്‍ ഇതുവരെയും ഭരണചുമതല കൈമാറാന്‍ തയ്യാറായിട്ടില്ല. ഇതിനിടെ അധ്യാപക സംഘടനകള്‍ സമരവുമായി രംഗത്തെത്തി. ചാര്‍ജ്ജുള്ള അധ്യാപിക ഓഫീസ് മുറിപൂട്ടി സ്ഥലം വിട്ടതിനെ തുടര്‍ന്ന് എഇഒ എത്തിയാണ് തുറന്നുകൊടുത്തത്. വിഷയം ചര്‍ച്ചചെയ്‌തെങ്കിലും മാനേജര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ സജിയെ തിരിച്ചെടുക്കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു ചാര്‍ജുള്ള അധ്യാപികയുടെ മറുപടി. എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ സ്ഥലത്തെത്തി ചര്‍ച്ചചെയ്‌തെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാനായില്ല. എഇഒയുടെയും ഡിഇഒയുടെയും ഉത്തരവ് നടപ്പിലാക്കണമെന്ന് അധ്യാപകരും സംഘടനാഭാരവാഹികളും ആവശ്യപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് എഇഒക്ക് വിസിറ്റിംഗ് ബുക്ക് രേഖപ്പെടുത്തുന്നതിനായി നല്‍കിയത്. സംഭവം വഷളായതോടെ കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി. പ്രശ്‌നം ഇന്നു രാവിലെ ചര്‍ച്ചചെയ്യാമെന്ന് ഒടുവില്‍ തീരുമാനിച്ചു. മാനേജര്‍ക്ക് തൃപ്തികരമല്ലെങ്കില്‍ അധ്യാപികയെ സസ്‌പെന്റ് ചെയ്യാന്‍ അധികാരമുണ്ടെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കൊല്ലങ്കോട് ഉപജില്ലാ സെക്രട്ടറി ഗോപിനാഥന്‍ പറയുന്നത്. അതെ സമയം പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. എഇഒ കൃഷ്ണന്‍, നിയുക്ത പ്രധാനാധ്യാപിക ബി.സുനിത, എയ്ഡഡ് സ്‌കൂള്‍ മ്ാനേജ്‌മെന്റ് ഭാരവാഹികളായ ശിവശങ്കരന്‍, ഗോപിനാഥന്‍, ദിവാകരന്‍, സലിം, അധ്യാപക സംഘടനാനേതാക്കളായ ജയപ്രകാശ്, ശിവദാസന്‍, ജയ, നൗഷാദലി, എച്ച്എം ഫോറം ഹാരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.