യുപി: ബിജെപി പ്രതിനിധിസംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

Wednesday 13 July 2011 9:42 pm IST

ന്യൂദല്‍ഹി: മായാവതി സര്‍ക്കാരിന്‌ കീഴില്‍ ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നതിനെക്കുറിച്ചും അഴിമതി വര്‍ധിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ട്‌ പ്രസിഡന്റ്‌ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ ഇന്നലെ രാഷ്ട്രപതി പ്രതിഭാപാട്ടീലിനെ സന്ദര്‍ശിച്ചു. 'സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്‌. വര്‍ധിച്ചുവരുന്ന നിയമരാഹിത്യത്തിനും അഴിമതിക്കുമെതിരെ രാഷ്ട്രപതി ഇടപെടുകയും സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യണം. ഭരണഘടനാ വിരുദ്ധമാണ്‌ അവിടെ നടക്കുന്നതെല്ലാം", ഗഡ്കരി അഭിപ്രായപ്പെട്ടു.
രാഷ്ട്രപതിയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന നേതാക്കളായ ഉമാഭാരതി, മുരളി മനോഹര്‍ ജോഷി, രാജ്നാഥ്‌ സിംഗ്‌, കല്‍രാജ്മിശ്ര, വിനയ്‌ കത്യാര്‍ എന്നിവരും ഗഡ്കരിക്കൊപ്പമുണ്ടായിരുന്നു. നാല്‌വര്‍ഷത്തെ മായാവതി ഭരണത്തിനിടയില്‍ നൂറ്‌ അഴിമതികളാണ്‌ സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. മൊത്തം 2,54,000 കോടി രൂപയുടെ നഷ്ടം. ദളിതരുള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗം ഭീതിയോടെയാണ്‌ സംസ്ഥാനത്ത്‌ ജീവിക്കുന്നത്‌. ദളിത്‌ സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങളും ദിനംപ്രതി വര്‍ധിക്കുകയാണ്‌, ഗഡ്കരി ചൂണ്ടിക്കാട്ടി. സച്ചിന്റെ മരണത്തില്‍ സിബിഐ അന്വേഷണവും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്‌.
ലോകായുക്തയുടെയും സുപ്രീംകോടതിയുടെയും ഇടപെടല്‍ മൂലം സംസ്ഥാനത്ത്‌ യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ബിഎസ്പി സര്‍ക്കാര്‍ കുറഞ്ഞ വിലക്ക്‌ കര്‍ഷകരില്‍ നിന്നും ഭൂമി പിടിച്ചെടുത്ത്‌ വന്‍കിട വ്യവസായികള്‍ക്ക്‌ കൈമാറുകയാണ്‌. ഭീതിയും ദാരിദ്ര്യവും അഴിമതിയും കൊണ്ട്‌ സംസ്ഥാനം വീര്‍പ്പമുട്ടുന്നു, ഗഡ്കരി പറഞ്ഞു. ഉത്തര്‍പ്രദേശിലെ സാഹചര്യങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററി ഫിലിം 'മായാജാല്‍' ബിജെപി നേതാക്കള്‍ രാഷ്ട്രപതിക്ക്‌ സമര്‍പ്പിച്ചു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.