പരാക്രമിയായ പവനസുതന്‍

Tuesday 4 July 2017 10:46 pm IST

തന്റെ ജനനം ശ്രീരാമകാര്യത്തിനാണെന്നും താന്‍ ശ്രീപരമേശ്വരന്റ ബീജത്തില്‍ നിന്നുണ്ടായതാണെന്നും അറിഞ്ഞ പവനസുതന്റെ പരാക്രമങ്ങള്‍ സഹിക്കാതെ വന്നപ്പോള്‍ ഒരിക്കല്‍ മാതംഗ മുനി, കഴിവുകളെല്ലാം മറന്നുപോകട്ടെ എന്ന് ഹനുമാന് ശാപവചനമരുളി. ശ്രീരാമകാര്യങ്ങള്‍ ആരെങ്കിലും ഓര്‍മ്മയില്‍പ്പെടുത്തിയാല്‍ ശക്തിയറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടാകട്ടെ എന്നും അനുഗ്രഹിച്ചു. മഹാഭാരത കഥകള്‍ നടന്നത് ദ്വാപരയുഗത്തിലെങ്കില്‍ രാമായണം ത്രേതായുഗത്തിലാണ്. അപ്പോള്‍ രാമായണമുള്ളിടത്തോളം കലിയുഗത്തിലും ഹനുമാനുണ്ടാകും. രാമനാമം ചൊല്ലുന്ന ഭക്തമനസ്സുകളില്‍ ഹനുമാന്‍ എന്നും ജീവിക്കുന്നു. രാമായണത്തിലെ ഓരോ കഥാപാത്രവും വ്യത്യസ്ഥരാണ്. അവയില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളതാണ് ഹനുമാന്‍ എന്ന പവനസുതന്‍. അതായത് വായുവിനെ തടഞ്ഞുവയ്ക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. വാനര സൃഷ്ടിയെങ്കിലും ഹനുമാന് അഷ്‌ടൈശ്വര്യ സിദ്ധികളുണ്ട്. ഇഷ്ടമനുസരിച്ച് വലുതാവാനും ചെറുതാവാനും കഴിവുണ്ട്. കൂടാതെ ദൃശ്യനും അദൃശ്യനുമാകാനും കഴിയും. രാവണന്‍ സീതയെ ലങ്കയിലേക്ക് കടത്തിക്കൊണ്ടു പോയപ്പോള്‍സീതാന്വേഷണത്തിനായി സമുദ്രം താണ്ടി ലങ്കയിലേക്കു പോകാനുള്ള ദൗത്യം ഏറ്റെടുത്ത ഹനുമാന്‍ യാത്രാമദ്ധ്യേ നാഗമാതാവായ സുരസയേയും രാക്ഷസിയായ സിംഹികയേയും കാണുന്നു. സുരസ ഹനുമാനെ ഉടലോടെ വിഴുങ്ങിയപ്പോള്‍ ശരീരം ചെറുതാക്കി ഹനുമാന്‍ ചെവിയിലൂടെ പുറത്തു കടന്നു. സിംഹിക വിഴുങ്ങിയപ്പോള്‍ മഹാമേരുപോലെ വലുതായി വയറു പിളര്‍ന്ന് രക്ഷപ്പെട്ടുവന്നു. ഹനുമാന്‍ ലങ്കയില്‍ പ്രവേശിച്ചതോടെ രാവണന്റെയും ലങ്കയുടേയും ഐശ്വര്യം അസ്തമിച്ചു. ഹനുമാന് വെറ്റില മാല വളരെ പ്രിയമാണ്. കാരണം യുദ്ധത്തില്‍ ശ്രീരാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ സന്തോഷകരമായ സന്ദേശം ശ്രവിച്ചതും സീതാദേവി അടുത്തുള്ള വെറ്റിലകള്‍ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചു. ഹനുമാന് വെറ്റില മാല അണിയിച്ച് പ്രാര്‍ത്ഥന നടത്തിയാല്‍ദോഷങ്ങളുടെ കാഠിന്യം കുറഞ്ഞ് വിജയത്തിലെത്താനാകും എന്നാണ് വിശ്വാസം. സങ്കര് സുവന് കേസരി നന്ദന് തേജ് പ്രതാപ് മഹാ ജഗ്ബന്ദന് കേസരി പുത്രനും ശങ്കരന്റെ അവതാരവും ലോകം മുഴുവന്‍ നമിക്കുന്ന പ്രതാപിയും തേജസ്വിയും സര്‍വ്വ വന്ദിതനുമായ ഹനുമാന്‍ വിജയിക്കട്ടെ. ബിദ്യാവാന് ഗുനീ അതി ചാതുര് രാമ് കാ ജ് കരി ബേ കൊ ആതുര് ശ്രീഹനുമാന്‍ മഹാപണ്ഡിതനും സകലകലാവല്ലഭനുമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിസമര്‍ത്ഥനും പരോപകാരിയും സര്‍വ്വ സദ്ഗുണങ്ങളുടെ വിളനിലവുമായ ശ്രീ ഹനുമാന് ശ്രീരാമന്റ കാര്യങ്ങളില്‍ പ്രത്യേക താല്‍പര്യമുണ്ട്. എന്തെന്നാല്‍ രാമാവതാരത്തിന്റെ മൂലകാരണം ശ്രീ ഹനുമാനു മാത്രമേ അറിയൂ പ്രഭു ചരിത്ര് സുനി ബേ കൊ രസിയാ രാമ് ലഖന് സീതാ മന് ബസിയാ ശ്രീരാമഭക്തനായ ഹനുമാന് എന്നും രാമകഥകള്‍ കേള്‍ക്കാന്‍ ഏറെയിഷ്ടം. ഹനുമാന്റെ ഹൃദയത്തില്‍ സീതാരാമലക്ഷ്മണന്‍മാര്‍ കുടികൊള്ളുന്നതിനാല്‍ രാമകഥ എന്നും പാടി നടക്കുകയും ചെയ്യുന്നു. ഹനുമാന് എത്രമേല്‍ രാമഭക്തിയുണ്ടോ അതുപോലെ സീതാരാമലക്ഷ്മണന്മാരുടെ ഹൃദയങ്ങളിലും ഹനുമാന് വിശിഷ്ട സ്ഥാനമുണ്ട്. സൂക്ഷ്മ് രൂപ് ധരി സിയ ഹിം ദിഖാ വാ ബിക് ട രുപ് ധരിലങ്ക ജരാവാ ലങ്കയെ ശുദ്ധീകരിക്കാന്‍ വേണ്ടിയാണ് അദ്ദേഹം വികട രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് അഗ്‌നിക്കിരയാക്കിയത്. ഇഷ്ടരൂപധാരിയും പരാക്രമിയുമായ ഹനുമാന് എന്നും വിജയം സുനിശ്ചിതം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.