പോലീസ് അന്തിമ നടപടിക്ക്

Tuesday 4 July 2017 11:44 pm IST

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍വച്ച് ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ കണ്ടെത്തിയതോടെ കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്തിമ വിവരങ്ങള്‍ പോലീസിന് കിട്ടി. ഇത് നിര്‍ണായക തെളിവാകും. അന്വേഷണത്തലവന്‍ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ കേസിന്റെ അന്വേഷണത്തെ സംബന്ധിച്ച് അവലോകനം നടത്തി. ആലുവ പോലീസ് ക്ലബ്ബില്‍ ഇന്നലെ രാത്രിയും വൈകിയും തുടര്‍ന്ന ഉന്നതതല യോഗത്തില്‍ ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്, ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശനന്‍, പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് എന്നിവരും പങ്കെടുത്തു. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി തിരുവനന്തപുരത്ത് ദിനേന്ദ്ര കശ്യപ് ആലുവയിലെത്തിയത്. നടന്‍ ദിലീപും നാദിര്‍ഷയും കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയും പുതിയ തെളിവുകളും സംബന്ധിച്ച് യോഗത്തില്‍ കൂടിയാലോചനകള്‍ നടന്നു.ഇതുവരെ ലഭിച്ച തെളിവുകള്‍ എല്ലാം കോര്‍ത്തിണക്കി വ്യക്തത വരുത്തിയ ശേഷം മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് ഡിജിപിയുടെ നിര്‍ദേശമെന്ന് യോഗത്തില്‍ അറിയിച്ചതായാണ് വിവരം. കേസില്‍ നടി കാവ്യ, അമ്മ ശ്യാമള എന്നിവരുടെ പങ്കിനെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും ഇരുവരെയും ചോദ്യം ചെയ്‌തേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നു. ദിലീപും നാദിര്‍ഷയും കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന സൂചനകളും ശക്തമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്ന് അറിയുന്നു. ഇതു സംബന്ധിച്ച് പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. കേസില്‍ യുവനടി ൈമഥിലിക്ക് ബന്ധമുണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. അറസ്റ്റ് ഉണ്ടായേക്കുമെന്ന അഭ്യൂഹം ബലപ്പെട്ടതോടെ ദിലീപും കാവ്യയും വീട്ടില്‍ നിന്നു മാറി എന്നാണ് സൂചന. നാദിര്‍ഷയെക്കുറിച്ചും വിവരങ്ങളില്ല. ദിലീപിനോടും നാദിര്‍ഷയോടും ജില്ലവിട്ട് പോകരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കയതായും അറിയുന്നു. കേസില്‍ രണ്ടു ദിവസത്തിനകം നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു. സുനി ഉള്‍പ്പടെയുള്ള ആറു പേരുടെ റിമാന്‍ഡു കാലാവധി 18 വരെ നീട്ടി. നേരത്തെ ജാമ്യം ലഭിച്ച പ്രതി ചാര്‍ളിയെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. റിമാന്‍ഡു കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. സുനിയേയും മറ്റു പ്രതികളായ വിജീഷ്, മണികണ്ഠന്‍, ചാര്‍ളി, മാര്‍ട്ടിന്‍, വടിവാള്‍ സലി, പ്രദീപ് എന്നിവരെ കോടതിയില്‍ എത്തിച്ചു. പ്രതികളെ 18ന് വീണ്ടും അങ്കമാലി കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നുള്ള വിചാരണ സെഷന്‍സ് കോടതിയിലേക്കു മാറ്റും.പോലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് സുനി നല്‍കിയിരുന്ന പരാതിയില്‍ പരിശോധിച്ച ഡോ. രാജേഷിനെ കോടതിയില്‍ വിസ്തരിച്ചു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.