ജിഎസ്ടി: ലീഗല്‍ മെട്രോളജി പരിശോധന തുടങ്ങി

Wednesday 5 July 2017 12:39 am IST

കൊച്ചി: ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതോടെ ഉത്പാദന വിപണന മേഖലകളിലെ ക്രമക്കേട് കണ്ടെത്താന്‍ ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന ആരംഭിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെട്ട മധ്യമേഖലയില്‍ നടത്തിയ പരിശോധനയില്‍ വിലവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത സാധനങ്ങള്‍ വിറ്റ 18 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ഈ സ്ഥാപനങ്ങളില്‍ നിന്ന് പിഴയും ഈടാക്കി. പലചരക്ക് സാധനങ്ങള്‍ വില്ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാര്‍ജിന്‍ ഫ്രീ ഷോപ്പുകള്‍ വന്‍കിട പലചരക്ക് കടകള്‍ എന്നിവിടങ്ങളിലായിരുന്നു ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാംമോഹന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മിക്കയിടങ്ങളിലും വില വിവരം പതിപ്പിച്ചിട്ടില്ലാത്ത സാധനങ്ങള്‍ വിറ്റതായി കണ്ടെത്തി. അരി, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, മുളക്, െ്രെഡ ഫ്രൂട്ട്‌സ് തുടങ്ങി പായ്ക്കറ്റില്‍ പൊതിഞ്ഞ സാധനങ്ങള്‍ വിറ്റപ്പോള്‍ ഉപഭോക്താവിന് അറിയാന്‍ വില വിവരം പായ്ക്കറ്റിനു പുറത്ത് പതിപ്പിച്ചിട്ടില്ലായിരുന്നുവെന്നാണ് കേസ്. ഇവര്‍ സ്വന്തമായി പായ്ക്ക് ചെയ്തു വില്‍ക്കുന്ന സാധനങ്ങളായിരുന്നു അവ. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ലീഗല്‍ മെട്രോളജി ആക്ട് 36 (1) പ്രകാരമുള്ള പിഴയേ ചുമത്തിയിട്ടുള്ളു. നിയമലംഘനം തുടര്‍ന്നാല്‍ കേസ് കോടതിക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാംമോഹന്‍ പറഞ്ഞു. പായ്ക്കറ്റ് ഉല്പന്നങ്ങളില്‍ ഉപഭോക്താവിന് കാണുംവിധം വില വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണമെന്നാണ് നിയമം. പായ്ക്കറ്റിലല്ലാതെ വില്ക്കുന്ന സാധനങ്ങളുടെ വില ഉപഭോക്താവിന് കാണുംവിധം കടയില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. വില്പനക്കാര്‍ തോന്നുംപടി വിലയീടാക്കുന്നത് തടയാനാണിത്. ജില്ലാ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ ഏഴ് സ്‌ക്വാഡുകള്‍ തിരിഞ്ഞായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.