കര്‍സായിയുടെ സഹോദരന്റെ മൃതദേഹം കബറടക്കി

Wednesday 13 July 2011 9:41 pm IST

കാബൂള്‍: കഴിഞ്ഞ ദിവസം അംഗരക്ഷകന്റെ വെടിയേറ്റുമരിച്ച അഹമ്മദ്‌ വാലി കര്‍സായിയുടെ മൃതദേഹം അടക്കി. കാണ്ഡഹാറിനടുത്ത്‌ നടന്ന സംസ്കാര ചടങ്ങില്‍ അര്‍ദ്ധസഹോദരനും അഫ്ഗാന്‍ പ്രസിഡന്റുമായ ഹമീദ്‌ കര്‍സായിയും ആയിരങ്ങളും പങ്കുചേര്‍ന്നു.
പ്രവിശ്യാ ഗവര്‍ണറുടെ വസതിയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയുള്ള ജന്മസ്ഥലമായ കാര്‍സ്‌ ഗ്രാമത്തിലേക്ക്‌ കൊണ്ടുപോയ മൃതദേഹത്തെ ബസ്സുകളില്‍ തിങ്ങിനിറഞ്ഞ ധാരാളം അനുയായികള്‍ അനുഗമിച്ചു. ശവസംസ്കാരത്തിനുശേഷം ഒരു ഔദ്യോഗിക കാറിനുനേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്‌.
ഹെമാന്‍ഡ്‌ പ്രൊവിന്‍ഷ്യല്‍ ഗവര്‍ണ്ണറുടെ അംഗരക്ഷകരുടെ വാഹനം കാണ്ഡഹാറിനുപുറത്ത്‌ വഴിയരികിലെ ബോംബില്‍ മുട്ടുകയും തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്‌. അസംഖ്യം പട്ടാളക്കാര്‍ അണിനിരക്കുകയും ആകാശത്ത്‌ ഹെലികോപ്റ്ററുകള്‍ വട്ടമിട്ടുപറക്കുകയും ചെയ്ത്‌ സുരക്ഷ കര്‍ശനമാക്കി. സുരക്ഷാഭടനും കുടുംബസുഹൃത്തുമായിരുന്ന സര്‍ദാര്‍ മൊഹമ്മദാണ്‌ കര്‍സായിയെ രണ്ടുപ്രാവശ്യം വെടിവെച്ചത്‌.