സിറിയയിലെ ആഭ്യന്തരകലാപത്തിന്‌ പിന്നിലും അല്‍-ഖ്വയ്ദ

Wednesday 25 July 2012 9:35 pm IST

ന്യൂയോര്‍ക്ക്‌: സിറിയയിലെ ആഭ്യന്തര കലാപത്തിന്‌ പിന്നില്‍ അല്‍ഖ്വയ്ദയുടെ പങ്കുള്ളതായി റിപ്പോര്‍ട്ട്‌. പ്രസിഡന്റ്‌ ബാഷര്‍ അല്‍അസദിന്റെ ഭരണത്തിനെതിരെ നടക്കുന്ന കലാപത്തിന്‌ മറ്റൊരു മുഖം നല്‍കാമെന്നാണ്‌ അല്‍ഖ്വയ്ദയുടെ ശ്രമമെന്ന്‌ ഒരു മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അല്‍ഖ്വയ്ദയും മറ്റുചില മുസ്ലീം ഭീകരവാദ സംഘടനകളും ഇതിന്‌ പുറകിലുണ്ടെന്ന്‌ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ സിറിയന്‍ സര്‍ക്കാരും സൈന്യവും തയ്യാറായിട്ടില്ല. സുന്നി ഭീകരവാദികളുടെ ഒരു കേന്ദ്രമായി മാറുകയാണ്‌ സിറിയ. അല്‍ഖ്വയ്ദയുടെ പിന്തുണയോടെയാണ്‌ സുന്നി വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നത്‌.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ സിറിയയില്‍ 35 കാര്‍ സ്ഫോടനങ്ങളും 10 ചാവേറാക്രമണങ്ങളും നടന്നിട്ടുണ്ട്‌. ഇതില്‍ നാലെണ്ണത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദ ഏറ്റെടുത്തിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ഖ്വയ്ദയുടെ പതാകയുള്ള ഇത്തരം വീഡിയോകളില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചാവേര്‍ സെല്ലുകള്‍ ആരംഭിക്കുമെന്നും പറയുന്നുണ്ട്‌. അടുത്തിടെ സിറിയയില്‍ ജിഹാദികളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരികയാണ്‌. ഇതിനെതിരെ സിറിയന്‍ ഭരണകൂടവും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ്‌ പുതിയ റിപ്പോര്‍ട്ട്‌.
അല്‍ഖ്വയ്ദ എങ്ങനെയാണോ ഇറാഖില്‍ പ്രവര്‍ത്തിക്കുന്നത്‌ അത്തരത്തിലാണ്‌ സിറിയയിലും പ്രവര്‍ത്തിക്കുന്നതെന്ന്‌ ഇറാഖ്‌ പ്രധാനമന്ത്രിയുടെ അടുത്ത അനുയായി ഇസാത്ത്‌ അല്‍-ഷാഹ്ബന്ദര്‍ പറഞ്ഞു. അമേരിക്കക്കാര്‍ക്കെതിരെ പോരാടി അനുഭവമുള്ളവരാണ്‌ ഇറാഖിലെ അല്‍ഖ്വയ്ദ ഭീകരവാദികള്‍. സിറിയയില്‍ പോരാട്ടം അവര്‍ക്ക്‌ കൂടുതല്‍ അനുഭവം നല്‍കും.സൊമാലിയ, മാലി, ചെച്ചന്യ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എങ്ങനെയാണ്‌ അല്‍ഖ്വയ്ദ ശക്തിപ്രാപിച്ചത്‌ അതുപോലെ സിറിയയും അവരുടെ കേന്ദ്രമാക്കാനുള്ള ശ്രമത്തിലാണ്‌. സിറിയയിലെ അരക്ഷിതാവസ്ഥ അല്‍ഖ്വയ്ദക്ക്‌ സഹായമായെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.