ജിഷ്ണു കേസ് സിബിഐക്ക് വിട്ടു

Wednesday 5 July 2017 2:37 pm IST

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. ജിഷ്ണുവിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. ജിഷ്ണു കേസുമായി ബന്ധപ്പെട്ട് പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ സ്വാധീനമാണ് കേസ് അന്വേഷണം അട്ടിമറിക്കാന്‍ കാരണമെന്നും പോലീസ് നിഷ്പക്ഷമായല്ല കേസ് അന്വേഷണം നടത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. കേസിലെ തങ്ങളുടെ ആക്ഷേപങ്ങള്‍ പരാതി രൂപത്തില്‍ നല്‍കാന്‍ പോലീസ് ആസ്ഥാനത്തെത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജക്കും കൂട്ടര്‍ക്കുമെതിരെ പോലീസ് നടത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് ജിഷ്ണുവിന്റെ കുടുംബാംഗങ്ങളും സര്‍ക്കാരും തമ്മില്‍ കരാര്‍ വ്യവസ്ഥകള്‍ ഉണ്ടാക്കി. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. അതേസമയം നെഹ്റു കോളജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യനീക്കം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കുടുംബം രംഗത്തുവന്നു. കേസ് അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തുവന്നിരുന്നു. സുധാകരന്റെ നടപടി തെറ്റായി പോയെന്ന് യുത്ത് കോണ്‍ഗ്രസും പറഞ്ഞു. നേതാവിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരനും രംഗത്തുവന്നു. എന്നും നെഹ്റു ഗ്രൂപ്പിനും കൃഷ്ണദാസിനും എതിരാണ് പാര്‍ട്ടി നിലപാടെന്നും വിഷയം രാഷ്ട്രീയ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.