മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ജനകീയ സമിതികള്‍ വരുന്നു

Wednesday 5 July 2017 9:49 pm IST

കണ്ണൂര്‍: ജില്ലയിലെ ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് ജനകീയ പങ്കാളിത്തത്തോടെസംരക്ഷിക്കാനും വര്‍ദ്ധിപ്പിക്കാനും പ്രാദേശികതലങ്ങളില്‍സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനം. കണ്ണൂര്‍ ഫിഷറീസ് ബോധവല്‍ക്കരണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന കര്‍ഷക സംഗമത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷാണ് ഇക്കാര്യം അറിയിച്ചത്. വിവിധ കാരണങ്ങളാല്‍ ശോഷിച്ചുവരുന്ന മത്സ്യസമ്പത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കുന്ന ജനകീയ മത്സ്യക്കൃഷി പദ്ധതിയിലൂടെ നടപ്പിലാക്കും. ഇതിനായി ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ഫിഷറീസ് മാനേജ്‌മെന്റ്കൗണ്‍സിലുകള്‍ രൂപീകരിക്കും. പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപവും സംരക്ഷണവും വിനിയോഗവും മേല്‍ കൗണ്‍സിലുകളുടെ പരിശോധനയ്ക്ക് വിധേയമാക്കും. അതാത് പ്രദേശത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരാണ് കൗണ്‍സിലിന്റെ ചെയര്‍മാന്‍മാര്‍. അനുയോജ്യമായ എല്ലാ ജലാശയങ്ങളിലും തുടര്‍ച്ചയായ മൂന്നുവര്‍ഷം ഒരേ കേന്ദ്രത്തില്‍ മത്സ്യവിത്ത് നിക്ഷേപിച്ച് പുരോഗതി വിലയിരുത്തും. അനുയോജ്യമായ കാര്‍പ്പ് മത്സ്യങ്ങള്‍, ചെമ്മീന്‍, കരിമീന്‍, പൂമീന്‍, തിരുത ഇനങ്ങള്‍ ശുദ്ധജല, ഓരുജല മേഖലകളില്‍ നിക്ഷേപിക്കുന്നതാണ്. കൂടുകൃഷിയുടെയും കാരചെമ്മീനിന്റെയും ശുദ്ധജല മത്സ്യകൃഷിയുടെയും മാതൃകാ-പ്രദര്‍ശന ഫാമുകള്‍ മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ ഒരുക്കും. വിവിധ ഘടകപദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുളള ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. മത്സ്യസമൃദ്ധി പദ്ധതി അവലോകനവും പുതിയ പദ്ധതിയുടെ അവതരണവും നടന്നു. കര്‍ഷക സംഗമത്തില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ടി.പുരുഷോത്തമന്‍, ഇ.ടി.ഗിരീശന്‍, എ.കെ.നാരായണന്‍, എം.റൗഫ് പിണറായി, ടി.കെ.രജീഷ്, കെ.വി.സരിത, ബൈജു, ഗലീന തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.