ആശുപത്രി കെട്ടിടം അനിശ്ചിതത്വത്തില്‍

Wednesday 5 July 2017 9:05 pm IST

ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രിയിലെ കെട്ടിട നിര്‍മാണം അനിശ്ചിതത്വത്തില്‍. കെട്ടിട നിര്‍മാണത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം മുറുകിയത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം മൂലമെന്ന് ആക്ഷേപം. ഹൈടെക് മെറ്റേണിറ്റി വാര്‍ഡ് കെട്ടിടം നിര്‍മിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തുക പിന്‍വലിക്കുമെന്ന് എംപി. വയലാര്‍ രവി എംപിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് അഞ്ച് നില കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം കെട്ടിടം ഇവിടെ നിര്‍മിക്കാനാവില്ലെന്ന് നിയമസഭ റിട്ടെയറിങ് റൂമില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം ഉണ്ടെന്ന് കാട്ടി പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 1.80 കോടി രൂപ അനുവദിക്കുകയും ആശുപത്രിക്ക് മുന്നിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി സ്ഥലം ഒരുക്കുകയും ചെയ്തിരുന്നു. പ്രവര്‍ത്തനം വിലയിരുത്തുന്നതിന് കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ധ്രുതഗതിയില്‍ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് നിലവിലുള്ള കെട്ടിടത്തിന് പിന്നിലേക്ക് മാറ്റി പുതിയ കെട്ടിടം നിര്‍മിക്കണമെന്ന് നിര്‍ദേശം വന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ചിലര്‍ രാഷ്ട്രീയ ലാഭത്തിനായി നടത്തിയ നീക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് വിമര്‍ശനം. വയലാര്‍ രവി എം.പിയുടെ പേരില്‍ ആശുപത്രി അങ്കണത്തില്‍ കെട്ടിടം ഉയരുന്നതിലുളള അസഹിഷ്ണുതയാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം ഉയര്‍ത്തുന്ന ആക്ഷേപം. നിലവിലെ തീരുമാന പ്രകാരം പണികള്‍ ആരംഭിച്ചില്ലെങ്കില്‍ ഫണ്ട് പിന്‍വലിച്ച് മറ്റ് സ്ഥലത്തേക്ക് നല്‍കുമെന്ന നിലപാടിലാണ് എംപി. കെട്ടിടത്തില്‍ ഹൈടെക് മെറ്റേണിറ്റി വാര്‍ഡും നവജാത ശിശുക്കള്‍ക്കുള്ള ഐസിയു അടക്കം അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യഘട്ടത്തില്‍ ഇരുനില കെട്ടിടമാണ് പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.