വീട്ടമ്മയുടെ ആത്മഹത്യ മൂന്നു സ്ത്രീകള്‍ക്ക് എതിരെ കേസെടുത്തു

Wednesday 5 July 2017 9:06 pm IST

കായംകുളം: പലിശ മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ മൂന്നു സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു. കായംകുളം സിഐ കെ. സദന്‍ ആണ് അന്വേഷണ ചുമതല. ആറാട്ടുപുഴ കിഴക്കേക്കര പുതിയവിള കാട്ടില്‍തെക്കേതില്‍ രാധാമണി (48) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പട്ടോളിമാര്‍ക്കറ്റ് പുതിയവിള അജയഭവനത്തില്‍ ജയശ്രീ, കരീലകുളങ്ങര മലമേല്‍ഭാഗം വിഷ്ണു ഭവനത്തില്‍ വിജയശ്രീ, മുതുകുളം തെക്ക് വടക്കളശ്ശേരില്‍ ഓമനാ സുഗതന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ബ്ലേഡ് മാഫിയ സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അപമാനിക്കാന്‍ ശ്രമിച്ചതിലും മനംനൊന്താണ് രാധാമാണി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് മകള്‍ ആദിത്യ കനകക്കുന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്ഥലത്തെ ബ്ലേഡ് സംഘത്തില്‍നിന്നു രാധാമണി ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ പലിശയും കൂട്ടുപലിശയും ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാന്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നുപേരടങ്ങുന്ന വനിതാ സംഘം വീട്ടിലെത്തി രാധാമണിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി കതക് അടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.