ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വിശദീകരണം തേടി-കേന്ദ്ര മന്ത്രി

Wednesday 5 July 2017 9:12 pm IST

തിരുവനന്തപുരം: കേരളത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായുണ്ടാവുന്ന ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോടു വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ബിജെപി ഓഫീസിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവവും ഉണ്ടായി. അക്രമസംഭവങ്ങളില്‍ പോലീസ് പ്രതികളെ പിടിക്കുമെന്നാണ് പ്രതീക്ഷ. സംഭവങ്ങള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള പോലീസില്‍ വിശ്വാസം ഉണ്ടോ എന്ന ചോദ്യത്തിന് വരട്ടെ നോക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. ആഭ്യന്തരവകുപ്പിന്റെ സുരക്ഷാ അവലോകനയോഗത്തിനുശേഷം തൈക്കാട് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടക അതിര്‍ത്തിയിലും മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ഹന്‍സ് രാജ് ആഹിര്‍ പറഞ്ഞു. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനായിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ കേരളം അതീവപ്രാധാന്യമുള്ള സംസ്ഥാനമാണ്. 600 കിലോമീറ്ററോളം വരുന്ന തീരദേശ സുരക്ഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി വാഹനങ്ങളും പട്രോള്‍ ബോട്ടുകളും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പോലീസ് നവീകരണ ഫണ്ടില്‍നിന്ന് ഇത് ലഭ്യമാക്കും. കേരളത്തില്‍നിന്ന് ഐഎസിലേക്ക് 22 പേരാണ് പോയിട്ടുള്ളതെന്നാണ് അറിവ്. ഇതില്‍ കൂടുതല്‍പേര്‍ പോയതായി വിവരങ്ങളൊന്നുമില്ല. രാജ്യത്ത് എല്ലായിടത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. യോഗത്തിന് കേരള സര്‍ക്കാര്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന് ആക്ഷേപമുണ്ട്. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഡിജിപി ലോക്‌നാഥ് ബഹ്‌റ, പോലീസ് ആസ്ഥാനത്തെ എഐജി രാഹുല്‍ ആര്‍. നായര്‍, വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റ് നിഷാന്തിനി, ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ സന്ധ്യാറാണി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.