വിലയില്ല, വിളവുമില്ല; കൊക്കൊ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Wednesday 5 July 2017 9:40 pm IST

  അടിമാലി: വിലയും വിളവുമില്ലാതായതോടെ ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. കഴിഞ്ഞ വര്‍ഷം ഒരുകിലോഗ്രാം പരിപ്പിന് 60 രൂപ ലഭിച്ചിരുന്നത് 35 രൂപയിലും താഴെയായി ഇപ്പോള്‍ കുറഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്പാദനത്തില്‍ ഉണ്ടായ 70 ശതമാനത്തിലേറെ കുറവും കര്‍ഷകര്‍ക്ക് ഇരിട്ടടിയാവുകയാണ്. കൊക്കൊ കര്‍ഷകരെ ഇത് കടക്കെണിയിലേയ്ക്ക് തള്ളിവിടുകയാണ്. മറ്റ് കൃഷിയോടൊപ്പം ഇടവിളയായിട്ടാണ് കൊക്കോ കൃഷി അധികവും ചെയ്തിട്ടുള്ളത്. തനത് വിളയായി കൃഷി ചെയ്യുന്നവരുമുണ്ട്. ആഴ്ചതോറും വിളവെടുപ്പ് നടത്താമെന്നതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിവ് ഉണ്ടായപ്പോള്‍ കര്‍ഷകര്‍ക്ക് താങ്ങായി നിന്നത് കൊക്കോകൃഷിയാണ്. 50 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ഈ കൃഷികൊണ്ട് പ്രയോജനം കിട്ടുകയെന്ന് കര്‍ഷകര്‍ പറയുന്നു. ഇക്കുറി മഴ കുറഞ്ഞത് കൃഷിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. തളിരിട്ട പൂക്കള്‍ വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ പിടിക്കുന്നില്ല. ഇത് വിളവിനെ ബാധിക്കും. ഇതിന് പുറമെ കായ് ചീയുകയും ഫംഗസ് ബാധിക്കുകയും ചെയ്തതോടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. കൊക്കോ പരിപ്പിന് ഗുണമേന്‍മ കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇന്ത്യയില്‍ മൊത്തം ഉല്പാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിലാണ്. ഇതില്‍ 70 ശതമാനം ഉല്പാദനവും ഇടുക്കി ജില്ലയിലാണ്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, തങ്കമണി, വാത്തികുടി, വാഴത്തോപ്പ്, കഞ്ഞിക്കുഴി തുടങ്ങിയ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ഉല്പാദനം ഉള്ളത്. ചോക്ലേറ്റ് നിര്‍മ്മാണത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്. കൊക്കോ ശേഖരിക്കുന്ന കമ്പനികള്‍ വിലയിടിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം ഉണ്ട്. ഭൂരിഭാഗം കര്‍ഷകരും ഇടവിളയായി ചെയ്യുന്ന കൃഷിയുടെ നിലനില്‍പ് ഭീഷണിയിലായിട്ടും വകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതി പറയുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.