എഫ്‌ സി ഐ ഗോഡൗണില്‍ മിന്നല്‍ പരിശോധന

Wednesday 25 July 2012 10:49 pm IST

കൊല്ലം: കഴുതുരുട്ടിയില്‍ സ്കൂളിലെ ഉച്ചക്കഞ്ഞിക്കായി എത്തിച്ച അരിച്ചാക്കുകളില്‍ ചത്ത എലിക്കുഞ്ഞുങ്ങളെ കണ്ട സംഭവവുമായി ബന്ധപ്പെട്ട്‌ എഫ്സിഐ ഗോഡൗണിലും സപ്ലൈകോയുടെ വെയര്‍ഹൗസിലും ജില്ലാകളക്ടര്‍ പി ജി തോമസിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും പരിശോധനയില്‍ പങ്കെടുത്തു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പുനലൂരിലെ സപ്ലൈകോ ഗോഡൗണിലും അധികൃതര്‍ പരിശോധന നടത്തി. ഗോഡൗണിലെ പരിശോധനയില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്തിയില്ലെന്ന്‌ ജില്ലാകളക്ടര്‍ പറഞ്ഞു. ജില്ലയിലെ വെയര്‍ഹൗസുകളില്‍ സ്ഥിരമായി പരിശോധന നടത്താന്‍ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും കളക്ടര്‍ അറിയിച്ചു. ചത്ത എലികുഞ്ഞുങ്ങളെ കണ്ടെത്തിയ അരിച്ചാക്കുകളടങ്ങിയ ലോഡ്‌ ആറ്‌ മാസമായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്നതാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ മജിസ്ട്രേട്ട്തല അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുള്ളതായും കളക്ടര്‍ അറിയിച്ചു. ആര്‍ഡിഒ, താലൂക്ക്‌ തഹസില്‍ദാര്‍, താലൂക്ക്‌ സപ്ലൈ ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, റേഷനിംഗ്‌ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കഴുതുരുട്ടിയിലെ മാവേലിസ്റ്റോറിലേക്ക്‌ കൊണ്ടുവന്ന അരിച്ചാക്കുകളിലാണ്‌ കഴിഞ്ഞദിവസം ചത്ത എലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്‌. ഇത്‌ നാട്ടുകാര്‍ ഇടപെട്ട്‌ തിരിച്ചയയ്ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.