പ്രതിഷേധം, സംഘര്‍ഷം ബീച്ച് ആശുപത്രിയിലെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി പുറത്തേയ്ക്ക് ഒഴുകി

Wednesday 5 July 2017 9:48 pm IST

കോഴിക്കോട്: കോഴിക്കോട് ഗവ. ബീച്ച് ജനറല്‍ ആശുപത്രിയിലെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി പുറത്തേയ്ക്ക് ഒഴുകിയതിനെത്തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെയും സംഘത്തെയും തടഞ്ഞുവെച്ചു. ഇന്നലെ രാവിലെ 11.30 ഓടെയാണ് ആശുപത്രിക്ക് മുന്നിലെ ലാബിനോട് ചേര്‍ന്നുള്ള സെപ്റ്റിക്ക് ടാങ്ക് പൊട്ടി കക്കൂസ് മാലിന്യം പരിസരത്ത് പടര്‍ന്നത്. പരിശോധനക്കും പരിശോധനാഫലം വാങ്ങാനുമായി ലാബിലെത്തിയവരാണ് മാലിന്യം പുറത്തേയ്‌ക്കൊഴുകുന്നത് കണ്ടത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ലാബ് പരിസരത്തേക്ക് വരികയായിരുന്ന സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറൂഖ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം. രാജേഷ്, ആര്‍എംഒ ഡോ. സാജ് മാത്യു, ഡോ. മൈക്കിള്‍ എന്നിവരടങ്ങുന്ന സംഘത്തെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ തടഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നത് വരെ ലാബ് അടച്ചിടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. പ്രശ്‌നം അറിഞ്ഞയുടന്‍ തൊഴിലാളികളെ വരുത്തി ചോര്‍ച്ചയടക്കാനുള്ള നടപടി സ്വീകരിക്കുന്നതിനിടെയാണ് സമരക്കാര്‍ തങ്ങളെ തടഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രംഗം വഷളായതോടെ പോലീസ് എത്തി സമരക്കാരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അല്പനേരം സംഘര്‍ഷവുമുണ്ടായി. ആശുപത്രി ലാബില്‍ നേരത്തെയുണ്ടായതിന്റെ ഇരട്ടി തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. തിരക്ക് കൂടുമ്പോള്‍ ടാങ്കും മറ്റും നിറയുന്നത് പതിവാണെന്നും സൂപ്രണ്ട് അറിയിച്ചു. പരാതി ലഭിച്ചയുടന്‍ തന്നെ നടപടിക്കൊരുങ്ങുകയായിരുന്ന അധികൃതരെ സമരക്കാര്‍ അനാവശ്യമായി തടഞ്ഞു വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ 24-ാം വാര്‍ഡിലെ കുടിവെള്ള ടാപ്പില്‍ നിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.