ഇരിട്ടി നഗരസഭയിലെ മുസ്ലീം ലീഗ് അംഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

Wednesday 5 July 2017 9:50 pm IST

ഇരിട്ടി : നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച് വോട്ടു ചെയ്‌തെന്ന കാരണത്താല്‍ ഇരിട്ടി നഗരസഭയിലെ മുസ്ലീം ലീഗ് അംഗത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. നഗരസഭയിലെ ഇരുപതാം വാര്‍ഡ് കല്ലേരിക്കലില്‍ നിന്നും ജയിച്ച ലീഗിന്റെ ജില്ലാ നേതാവുകൂടിയായിരുന്ന എം.പി. അബ്ദുള്‍ റഹിമാനെയാണ് കമ്മീഷന്‍ കൗണ്‍സിലര്‍ സ്ഥാനത്തു നിന്നും നീക്കുകയും 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തത്. ഇരിട്ടി നഗരസഭയിലെ 33അംഗ കൌണ്‍സിലില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ എല്‍ഡിഎഫിന് 13 അംഗങ്ങളും യുഡിഎഫിന് 15 ഉം ബിജെപിക്ക് അഞ്ച് അംഗങ്ങളുമാണ് നിലവില്‍ ഉണ്ടായിരുന്നത്. യുഡിഎഫിന് 10 മുസ്ലീം ലീഗ് അംഗങ്ങളും അഞ്ച് പേര്‍ കോണ്‍ഗ്രസ് പ്രതിനിധികളുമാണ്. ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിലെ നടുവനാട് വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് അംഗം പി.വി.മോഹനനെ ചെയര്‍മാനാക്കാനും ചാവശ്ശേരി വാര്‍ഡില്‍ നിന്നും വിജയിച്ച മുസ്ലീം ലീഗിലെ പി.കെ.ബള്‍ക്കീസിനെ വൈസ് ചെയര്‍മാന്‍ ആക്കാനും യുഡിഎഫ് പാര്‍ലമെന്ററി ധാരണപ്രകാരം തീരുമാനിച്ചിരുന്നു. ഇരുവര്‍ക്കും വോട്ടു ചെയ്യാന്‍ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും തങ്ങളുടെ കൗണ്‍സിലര്‍മാര്‍ക്ക് വിപ്പും നല്‍കി. എന്നാല്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ ഞെട്ടലുണ്ടാക്കിക്കൊണ്ട് ഇപ്പോള്‍ യോഗ്യത കല്പിച്ച അബ്ദുള്‍ റഹിമാനും മുസ്ലീം ലീഗ് കൗണ്‍സിലര്‍മാരായ നരയംപാറ വാര്‍ഡില്‍ നിന്നും വിജയിച്ച ഇ.കെ.മറിയം ടീച്ചര്‍, ഉളിയില്‍ നിന്നും വിജയിച്ച ടി.കെ.ഷെരീഫ എന്നിവര്‍ സ്ഥലത്തെത്താതെ വോട്ടെടുപ്പില്‍ നിന്നും മാറി നിന്നു. ഇതിനെത്തുടര്‍ന്നു സിപിഎമ്മിലെ പി.പി.അശോകനെ ചെയര്‍മാനായും, കെ.സരസ്വതിയെ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നു എം.പി.അബ്ദുള്‍ റഹിമാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും മറ്റു രണ്ടുപേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ലീഗിന്റെ ജില്ലാ നേതാവ് കൂടിയായ എം.പി.അബ്ദുള്‍ റഹിമാനെ പാര്‍ട്ടി വിപ്പ് ലംഘിച്ചതിന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് അഡ്വ.വിനോദ് മുഖേന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കമ്മീഷന്‍ അബ്ദുള്‍ റഹിമാന് അയോഗ്യത കല്‍പ്പിച്ചിരിക്കുന്നത്. അതേസമയം മറ്റ് രണ്ടംഗങ്ങളും പാര്‍ട്ടിയോട് മാപ്പപേക്ഷിച്ചിരുന്നു. അബ്ദുള്‍ റഹിമാന്റെ പ്രേരണ മൂലമാണ് മാറിനില്‍ക്കാന്‍ ഇടയായതെന്ന് ഇവരുടെ കാരണം കാണിക്കല്‍ മറുപടിയില്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയതിനാലാണ് വിപ്പ് കൈപ്പറ്റാന്‍ കഴിയാതിരുന്നതെന്ന അബ്ദുള്‍ റഹിമാന്റെ വാദം കമ്മീഷന്‍ തള്ളി. ഇതിനായി കണ്ണൂരിലെ ഒരു പ്രമുഖ ഡോക്ടറുടെ മൊഴിയും കമ്മീഷന് മുന്നില്‍ നല്‍കിയെങ്കിലും കമ്മീഷന്‍ ഇത് തള്ളുകയായിരുന്നു. ഇതിനിടയില്‍ തന്നെ ലീഗില്‍ നിന്നും പുറത്താക്കിയിട്ടിലെന്നു കാണിച്ചു ഉളിയില്‍ ശാഖാ കമ്മിറ്റിയുടെ രസീതി അബ്ദുള്‍ റഹിമാന്‍ കമ്മീഷന്‍ മുന്‍പാകെ ഹാജരാക്കിയിരുന്നു. ലീഗില്‍ നിന്നും പുറത്താക്കിയ ആള്‍ക്ക് അംഗത്വം നല്‍കി എന്നതിന്റെ പേരില്‍ ഉളിയില്‍ ശാഖാ ഭാരവാഹികളായ ഹംസ മാസ്റ്റര്‍, പി.വി.നസീര്‍ എന്നിവരെ അടുത്തിടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അബ്ദുള്‍ റഹിമാന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.