കരിങ്കല്‍ ഉത്പ്പന്നങ്ങളുടെ വിലവര്‍ധന: ടിപ്പര്‍ തൊഴിലാളി യൂണിയന്‍ ഉപരോധ സമരം പിന്‍വലിച്ചു

Wednesday 5 July 2017 9:50 pm IST

ഇരിട്ടി: കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി പ്രകാരം അധിക വില ഈടാക്കാനുള്ള ക്രഷര്‍ ഉടമകളുടെ നേതൃത്വത്തില്‍പ്രതിക്ഷേധിച്ച് ക്രഷറുകളില്‍ നിന്നുള്ള ഉല്പന്ന നീക്കം തടസപ്പെടുത്തി ടിപ്പര്‍ തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ നടത്തിയിരുന്ന അനിശ്ചിതകാല ഉപരോധ സമരം പിന്‍വലിച്ചു. ക്വാറി ഉടമകളും ട്രേഡ് യൂണിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വിലയില്‍ നേരിയ കുറവ് വരുത്താന്‍ തയ്യാറായതിനെ തുടര്‍ന്നാണ് നാലു ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്. ഇതോടെ കരിങ്കല്‍ ഉല്‍പന്ന നീക്കം പുനരാരംഭിച്ചു. ക്രഷര്‍ ഉത്പ്പന്നങ്ങള്‍ക്ക് നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള വര്‍ധനയ്ക്ക് പുറമെ ജിഎസ്ടിയുടെ പേരില്‍ ക്രഷര്‍ ഉടമകള്‍ വീണ്ടും വര്‍ധന ആവശ്യപ്പെട്ടതാണ് സമരത്തിനു വഴിവെച്ചത്. ജൂലായ് ഒന്നു മുതല്‍ മെറ്റലിന് അടിക്ക് 28 രൂപയില്‍ നിന്ന് 30 ആയും ചിപ്‌സ്, പൊടി എന്നിവയ്ക്ക് 25 രൂപയില്‍ നിന്ന് 27 ആയും, എംസാന്‍ഡ് നേരിയതിന് 60 രൂപയില്‍ നിന്ന് 62 ആയും, എംസാന്‍ഡ് തടിച്ചതിന് 50 രൂപയില്‍ നിന്ന് 53 ആയും, വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ 14ന് ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഒന്നാം തിയതി ഉല്‍പന്നങ്ങളെടുക്കാന്‍ ടിപ്പര്‍ ലോറികള്‍ എത്തിയപ്പോഴാണ് ഈ വിലയ്ക്ക് പുറമെ ജിഎസ്ടി വകയായി ഒരടി ഉല്പന്നത്തിന് രണ്ടു രൂപയോളം അധികം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ടിപ്പര്‍ ലോറി ജീവനക്കാര്‍ സമരം ആരംഭിക്കുകയായിരുന്നു. സമരത്തിന് യുവജന സംഘടനകളും പിന്‍തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു. ചര്‍ച്ചയിലാണ് മെറ്റല്‍, പൊടി, ചിപ്‌സ്, ഒന്നര ഇഞ്ച് എന്നിവയ്ക്ക് ഒരു രൂപ കുറച്ച് ജിഎസ്ടി നികുതി ബാധ്യത ഉപഭോക്താവില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചു. പുതുക്കിയതനുസരിച്ച് പൊടി, ചിപ്‌സ്, ഒന്നര ഇഞ്ച് എന്നിവയ്ക്ക് ഒരടിക്ക് 26 ഉം ജിഎസ്ടി ബാധ്യതകൂടി ചേര്‍ത്ത് 27.30 രൂപയാകും. മെറ്റലിന് 29രൂപ 30.50 രൂപയായി വര്‍ധിക്കും. എംസാന്‍ഡ് നേരിയതിന് 62 രൂപ ജിഎസ്ടിയും കൂടി ചേര്‍ത്ത് 65 രൂപയും എംസാന്‍ഡ് തടിച്ചതിന് 53രൂപ 55 രൂപയും വര്‍ധിക്കും. ചര്‍ച്ചയില്‍ സിഐടിയു യൂണിയന്‍ നേതാക്കളായ വൈ.വൈ.മത്തായി, എന്‍.ഐ.സുകുമാരന്‍, പി.ചന്ദ്രന്‍, ഉടമകളെ പ്രതിനിധീകരിച്ച് ജിമ്മി കൂറ്റനാല്‍, എന്‍.ഭാസ്‌കരന്‍, നസീര്‍, ഉദൈഫ്, സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയന്‍ നേതാക്കളായ തങ്കച്ചന്‍ മുള്ളന്‍കുഴി, പ്രസാദ് കീര്‍ത്തനം, വി.മുരളീധരന്‍, ഉണ്ണി കേളന്‍പീടിക, മുനീര്‍ മാടത്തില്‍, വിനീഷ് ചരള്‍ എന്നിവര്‍ പങ്കെടുത്തു  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.