'ആദിത്യ'യില്‍ വന്‍ ഇന്ധനച്ചെലവ് ലാഭം, ജലഗതാഗതം സോളാര്‍ ബോട്ടിലാക്കും

Wednesday 5 July 2017 10:12 pm IST

കൊച്ചി: രാജ്യത്തെ ആദ്യ സോളാര്‍ ബോട്ട് 'ആദിത്യ'യുടെ കായല്‍ യാത്ര വിജയം. മഴയത്തും ബോട്ട് സൗരോര്‍ജ്ജത്തില്‍ ഓടി വിജയിച്ചു. ഡീസല്‍ ബോട്ടുകള്‍ക്ക് ഒരു ദിവസം സര്‍വീസ് നടത്താന്‍ ഏഴായിരം രൂപ ചെലവായപ്പോള്‍, ആദിത്യയ്ക്ക് വേണ്ടി വന്നത് 163 രൂപ മാത്രം. ഇതോടെ കൂടുതല്‍ സോളാര്‍ ബോട്ടുകള്‍ വാങ്ങാന്‍ സംസ്ഥാന ജലഗതാഗതവകുപ്പ് ആലോചിച്ചു തുടങ്ങി. 10 സോളാര്‍ ബോട്ടുകള്‍ വാങ്ങുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശം ജലഗതാഗതവകുപ്പ് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. ജനുവരി 12നാണ് തവണക്കടവ്-വൈക്കം റൂട്ടില്‍ രാജ്യത്തെ ആദ്യ സോളാര്‍ ബോട്ട് ഓടിത്തുടങ്ങിയത്. കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍ ഉദ്ഘാടനച്ചടങ്ങിനിടെ കൂടുതല്‍ സോളാര്‍ ബോട്ടുകള്‍ക്ക് അനുമതി നല്‍കുമെന്ന് അറിയിച്ചിരുന്നു. അതനുസരിച്ചാണ് ജലഗതാഗതവകുപ്പ് പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ആദിത്യയുടെ 150 ദിവസത്തെ സര്‍വീസ് റിപ്പോര്‍ട്ട് കാണിക്കുന്നത് ചെലവ് കുറഞ്ഞ ജലയാത്രകള്‍ക്ക് സോളാര്‍ ബോട്ടുകളാണ് ഉചിതമെന്നാണ്. നിലവില്‍ ജലഗതാഗത വകുപ്പിന്റെ 51 ബോട്ടുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്. ഇത് മുഴുവനും സോളാര്‍ ബോട്ടിലേക്ക് മാറിയാല്‍ വന്‍ സാമ്പത്തിക ലാഭമുള്ള വകുപ്പാക്കി ജലഗതാഗതവകുപ്പിനെ മാറ്റാം. മുഴുവന്‍ ബോട്ടുകളും ഒരുമിച്ച് മാറ്റാന്‍ കഴിയില്ലെങ്കിലും, ഘട്ടം ഘട്ടമായി സോളാര്‍ ബോട്ടിലേക്ക് മാറാനാണ് പദ്ധതിയെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി. വി. നായര്‍ പറഞ്ഞു. ബോട്ടിന്റെ മുകളിലെ സോളാര്‍ പാനലുകളിലൂടെ ലഭിക്കുന്ന ഊര്‍ജമുപയോഗിച്ചാണ് ബോട്ട് ഓടുന്നത്. 20 മീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയുമുള്ള ബോട്ടിന് മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 75 പേര്‍ക്ക് ഇരിക്കാവുന്ന സോളാര്‍ ബോട്ടിന് 1.5 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. ശബ്ദ മലിനീകരണവും ജല മലിനീകരണവും ഇല്ലെന്നതും സോളാര്‍ ബോട്ടിന്റെ പ്രത്യേകതയാണ്. ഏകീകൃത ഗതാഗത സംവിധാനത്തിലേക്ക് കേരളം നീങ്ങുകയാണ്. ഇതിന് സോളാര്‍ ബോട്ടുകളുടെ വരവ് ഗുണമാകും. മെട്രോ റെയില്‍, ബസ്, ബോട്ട് എന്നീ ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ച് ഒറ്റ ടിക്കറ്റില്‍ യാത്ര ഒരുക്കുന്ന സംവിധാനം കൊച്ചിയിലാണ് ആദ്യം നടപ്പാകുക. ബോട്ടൊന്നിന് മാസം രണ്ടു ലക്ഷം ലാഭം ആദിത്യ എന്ന ഒറ്റ ബോട്ടില്‍ നിന്ന് ജലഗതാഗതവകുപ്പ് പ്രതിമാസമുണ്ടാക്കുന്ന ലാഭം രണ്ടു ലക്ഷം രൂപ. ഒരു ഡീസല്‍ ബോട്ട് ഓടിക്കാന്‍ പ്രതിമാസം 2.10 ലക്ഷം രൂപയാണ് വകുപ്പ് ചെലവാക്കിയിരുന്നത്. സോളാര്‍ ബോട്ടിന് വേണ്ടിവന്നത് മാസം 4890 രൂപ മാത്രം. വകുപ്പിന്റെ 51 ബോട്ടുകളും സോളാറിലേക്ക് മാറിയാല്‍, ഒരു കോടി രൂപ ഈ ഇനത്തില്‍ മാസം ലാഭിക്കാനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.