വ്യാപാരിയെ വധിക്കാന്‍ ശ്രമം: സിപിഎം ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

Thursday 6 July 2017 10:49 am IST

കാസര്‍കോട്: കുടുംബ സമേതം കാറില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തെ ബേഡകം പോലീസ് അറസ്റ്റ്‌ചെയ്തു. ഇതില്‍ മുന്‍ പഞ്ചായത്ത് മെമ്പറും ഉള്‍പെടും. മുളിയാര്‍ മുന്‍ പഞ്ചായത്ത് മെമ്പറും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ ചെങ്കള കെ.കെ പുറത്തെ സി.കെ മുനീര്‍(33), സിപിഎം മുണ്ടക്കൈ ബ്രാഞ്ച് സെക്രട്ടറി റഫീഖ്(31), ആലൂരിലെ ടി.എ സൈനുദ്ദീന്‍(34), ക്വട്ടേഷന്‍ സംഘത്തില്‍പെട്ട വിദ്യാനഗര്‍ ചാല റോഡിലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (20) എന്നിവരെയാണ് ആദൂര്‍ സി ഐ സിബി തോമസും സംഘവും അറസ്റ്റു ചെയ്തത്. കേസില്‍ മറ്റു രണ്ടു പേരെയും അറസ്റ്റു ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് കുറ്റിക്കോലിലെ കെ.അബ്ദുല്‍ നാസര്‍ (56), ഭാര്യ ഖൈറുന്നീസ (40), മകന്‍ ഇര്‍ഷാദ് (എട്ട്) എന്നിവരെ സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചത്. കുറ്റിക്കോല്‍ ടൗണിലേക്ക് വന്ന അബ്ദുല്‍ നാസറും കുടുംബവും കാറില്‍ വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ വീടിന് സമീപത്ത് വെച്ചാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കാര്‍ തടഞ്ഞ് ആക്രമം നടത്തിയത്. പ്രതികളെ രക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെട്ടതോടെ അറസ്റ്റ് നീണ്ടു പോവുകയായിരുന്നു.   പ്രതികളെ പിടിച്ചതറിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയ നേതാവ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും ഞങ്ങളോട് അധികം കളിക്കണ്ടെന്ന് താക്കീത് ചെയ്തത് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. ബോവിക്കാനം ടൗണില്‍ മുമ്പ് കാര്‍ കത്തിക്കുകയും ജ്വല്ലറി അടിച്ച് തകര്‍ക്കുകയും ചെയ്ത സംഭവത്തിലും ലോക്കല്‍ കമ്മറ്റി നേതാവ് തന്നെയാണ് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായതിനാല്‍ സിപിഎം ലോക്കല്‍ കമ്മറ്റി ഈ നേതാവിനെ രഹസ്യമായി താക്കീത് ചെയ്തിരുന്നു. റോഡ് തടസപ്പെടുത്തിയത് കണ്ട് കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന രണ്ട് പേരടങ്ങുന്ന മുഖംമൂടി സംഘം ചാടിവീണ് ആക്രമിക്കുകയായിരുന്നു. കാറും അക്രമികള്‍ അടിച്ചു തകര്‍ത്തിരുന്നു. ഗള്‍ഫുകാരനായ അബ്ദുല്‍ നാസര്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയിരുന്നത്. അബ്ദുല്‍ നാസറിനെ ചിലര്‍ ഫോണില്‍ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും അന്ന് പരാതിയുയര്‍ന്നിരുന്നു. അക്രമിക്കപ്പെട്ട അബ്ദുല്‍ നാസറിന്റെ ബന്ധത്തില്‍പെട്ടവരാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവദിവസം സ്ഥലത്തെത്തിയവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അറസ്റ്റിലായവരില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മാത്രമാണ് അക്രമത്തില്‍ പങ്കെടുത്തിരുന്നത്. മറ്റുള്ളവര്‍ ഗൂഢാലോചന നടത്തിയവരാണെന്നും പോലീസ് പറഞ്ഞു. നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. ആദൂര്‍ എസ് ഐമാരായ ദാമോദരന്‍, ജയകുമാര്‍, സിഡി പാര്‍ട്ടി അംഗങ്ങളായ ഫിലിപ്പ്, നാരായണന്‍ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.