ആല്‍മരം പൊട്ടി വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

Thursday 6 July 2017 10:50 am IST

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ കോട്ടം ക്ഷേത്രത്തിന് മുന്നിലെ കൂറ്റന്‍ ആല്‍മരം പൊട്ടിവീണ് ഹൈടെന്‍ഷന്‍ ലൈന്‍ ഉള്‍പ്പെടെ ഏഴ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. ഇന്നലെ രാവിലെ 10.15നായിരുന്നു അപ്രതീക്ഷിതമായി മരം പൊട്ടിവീണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട്-നീലേശ്വരം ഭാഗങ്ങളിലെ പത്തോളം സ്‌കൂള്‍ വാഹനങ്ങള്‍ കോട്ടം ക്ഷേത്രത്തിന് മുന്നിലെ ഗ്രൗണ്ടിലായിരുന്നു നിര്‍ത്തിയിടാറുള്ളത്. കുട്ടികളെ കയറ്റി വാഹനങ്ങള്‍ കടന്നുപോയതിന് പിന്നാലെയാണ് അപകടമുണ്ടായത്. സമീപത്തെ ജേസീസ് എല്‍പി സ്‌കൂള്‍, നീലേശ്വരം എഎല്‍പി സ്‌കൂള്‍, രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കടന്നുപോകുന്ന പടിഞ്ഞാറ്റംകൊഴുവല്‍-മൂലപ്പള്ളി റോഡിലെ ഏഴ് വൈദ്യുതി തൂണുകളാണ് തകര്‍ന്നത്. വൈദ്യുതി കമ്പിയിലുണ്ടായിരുന്ന നിരവധി വവ്വാലുകള്‍ അപകടത്തില്‍ ചത്തു. സംഭവത്തെ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിലച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പികള്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ നാട്ടുകാരുടെ സഹകരണത്തോടെ പൂര്‍വ്വസ്ഥിതിയിലാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.