എബിവിപി മാര്‍ച്ചിന് നേരെ പോലീസിന്റെ നരനായാട്ട്

Friday 7 July 2017 1:57 am IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ ഫീസ് വര്‍ധനവിനെതിരെ എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പോലീസിന്റെ നരനായാട്ട്. എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. മാരകമായി പരിക്കേറ്റ സംസ്ഥാന ജോയിന്റ് സെക്രട്ടറി രേഷ്മ ബാബു, ദേശീയ സമിതിയംഗം ആര്‍. അശ്വിന്‍, സംസ്ഥാനസമിതിയംഗം വി.ആര്‍. അജിത്, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അതുല്‍, ജില്ലാ കണ്‍വീനര്‍ അഖില്‍ എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധാനപരമായ മാര്‍ച്ചിനു നേരെ പ്രകോപനം കൂടാതെ പോലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചു. പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ മൃഗീയമായി തല്ലിച്ചതച്ചു. ഒരു വനിതാപോലീസുദ്യോഗസ്ഥ പോലുമില്ലാതെ പോലീസ് വിദ്യാര്‍ഥിവേട്ട നടത്തുകയായിരുന്നു. യൂത്ത് ലീഗിന്റെ മാര്‍ച്ച് സെക്രട്ടേറിയറ്റിന്റെ വടക്കേ കവാടത്തിന് മുന്നില്‍ നടക്കുന്നെന്ന കാരണത്താല്‍ എബിവിപിയുടെ മാര്‍ച്ച് പോലീസ് തടഞ്ഞു. മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടു. അടികൊണ്ടുവീണ പ്രവര്‍ത്തകര്‍ ഒരുമിച്ചു ചേര്‍ന്ന് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അതിനു നേര്‍ക്ക് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. കന്റോണ്‍മെന്റ് എസി ബൈജു അടക്കമുള്ള ഉന്നത പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ നരനായാട്ട്. അടികൊണ്ട് പരിക്കേറ്റ രേഷ്മബാബു, തലയ്ക്ക് പരിക്കേറ്റ വി.ആര്‍. അജിത് എന്നിവര്‍ക്ക് ശക്തമായ ജലപ്രവാഹത്തില്‍ തെറിച്ച് റോഡിലേക്ക് തലയടിച്ചുവീണാണ് ഗുരുതരമായി പരിക്കേറ്റത്. മറ്റു പ്രവര്‍ത്തകര്‍ ഇരുവരെയും മടിയില്‍ കിടത്തി നടുറോഡിലിരുന്നു പ്രതിഷേധിച്ചു. എന്നാല്‍ പോലീസ് പിന്തിരിയാതെ വിദ്യാര്‍ഥികളെ വളഞ്ഞിട്ട് വീണ്ടും തല്ലി. അപ്പോഴേക്കും യൂത്ത് ലീഗിന്റെ സമരം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയിരുന്നു. പരിക്കേറ്റവരെയും ചുമന്ന് എബിവിപി പ്രവര്‍ത്തകര്‍ സമരഗേറ്റായ വടക്കേകവാടത്തിനു മുന്നിലെത്തി പ്രതിഷേധിച്ചു. ഇവിടെ വച്ച് വീണ്ടും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത്തവണ ആര്‍. അശ്വിന്‍, അതുല്‍, ജിതിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള മര്യാദപോലും പോലീസ് കാണിച്ചില്ല. വനിതാപ്രവര്‍ത്തകരെ മര്‍ദ്ദിച്ച നടപടിയെ അപലപിച്ച സംസ്ഥന സെക്രട്ടറി പി. ശ്യാം രാജ്, പോലീസ് സമാധാനം പറയാതെ സെക്രട്ടേറിയറ്റിന്റെ വടക്കേ നടയില്‍ നിന്നു മാറില്ലെന്ന നിലപാടെടുത്തു. പ്രവര്‍ത്തകര്‍ ഇവിടെയും കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പോലീസ് അറസ്റ്റുചെയ്ത് നീക്കാന്‍ ശ്രമമാരംഭിച്ചു. ഒടുവില്‍ പ്രതിഷേധം കനത്തതോടെ ആംബുലന്‍സ് വരുത്തി പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് മറ്റു പ്രവര്‍ത്തകര്‍ പ്രകടനമായി ജനറല്‍ ആശുപത്രിയിലേക്ക് പോയി. ഇന്ന് പഠിപ്പുമുടക്ക് തിരുവനന്തപുരം: മെഡിക്കല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, കേരള സാങ്കേതിക സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി നടത്തിയ സെക്രേട്ടറിയറ്റ് മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് അറിയിച്ചു. പ്രകോപനം കൂടാതെ പോലീസ് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് ശ്യാംരാജ് ആരോപിച്ചു. വനിതാ പോലീസ് പോലും ഇല്ലാതെ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് നേരിട്ടത് തികച്ചും പ്രതിഷേധാര്‍ഹമാണ്. സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചേര്‍ന്ന് പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനാവകാശം നിഷേധിക്കുകയാണ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍. ഫീസ് വര്‍ധന പിന്‍വലിക്കാത്തപക്ഷം പാവങ്ങളുടെ വിദ്യാഭ്യാസ നിഷേധമാണ് സംഭവിക്കുകയെന്നും ശ്യാംരാജ് ചൂണ്ടിക്കാട്ടി. കേരള സാങ്കേതിക സര്‍വകലാശാലയില്‍ ഇടയ്ക്കിടെ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ വിദ്യാര്‍ഥിവിരുദ്ധവും പഠനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. സര്‍വകലാശാലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. അല്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം സര്‍ക്കാരിന് നേരിടേണ്ടി വരുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പി. ശ്യാംരാജ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.