പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല; ജില്ലയില്‍ പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

Thursday 6 July 2017 7:17 pm IST

കണ്ണൂര്‍: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. ജില്ലയില്‍ ദിനംപ്രതി പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും മുറികള്‍ പനിബാധിതരെ കൊണ്ട് നിറഞ്ഞ നിലയിലാണ്. നിത്യേന നൂറുകണക്കിന് ആളുകളാണ് പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ ഇരട്ടിയോളം രോഗികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ പലരും ഡെങ്കിപ്പനി ബാധിതരാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും വേണ്ടത്ര ചികിത്സ സൗകര്യവുമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെയാണ് രോഗം മൂര്‍ച്ഛിച്ച പലരും ആശ്രയിക്കുന്നത്. തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചാണ് പനി കൂടുതലായും പടര്‍ന്നു പിടിക്കുന്നത്. ഇവിടെ ആരോഗ്യ വകുപ്പ് കൊതുകു നശീകരണ പ്രവര്‍ത്തനം നടത്തുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ഈ മേഖലകളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി ആയിരത്തിലധികം പേരാണ് പനി ബാധിച്ചെത്തിയത്. ആരോഗ്യ വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാണെന്നാണ് ജനങ്ങളുടെ ആക്ഷേപം. ജില്ലയിലെ പലയിടങ്ങളിലും ശുചീകരണത്തിന് പകരം കാട് തെളിക്കല്‍ മാത്രമാണ് നടത്തിയത്. ടൗണുകള്‍ കേന്ദ്രീകരിച്ച് കാട് തെളിച്ച് ചടങ്ങ് നിര്‍വഹിക്കുക മാത്രമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ചെയ്തത്. ഇതിനിടയില്‍ മേഖലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം പെരുകുകയാണ്. പനിബാധിതരെ കൂടാതെ ചിക്കന്‍പോക്‌സും അതിസാരവും വിവിധ മേഖലയില്‍ പടര്‍ന്നു പിടിക്കുകയാണ്. കുട്ടികളിലും പനി വ്യാപകമായി പടര്‍ന്നു പിടിക്കുകയാണ്. ഇന്നലെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി 1847 പനിബാധിതരാണ് ചികിത്സ തേടിയത്. ഇതില്‍ 36 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ആശുത്രികളില്‍ ചികിത്സതേടിയ പനി ബാധിതരുടെ എണ്ണമെടുത്താല്‍ ഇതിന്റെ ഇരട്ടി വരും. മഴക്കാല പൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതാണ് രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമായതെന്ന് ആരോപണം ശക്തമാണ്. പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത്. പനി പിടിവിടാതെ പടരുമ്പോള്‍ ആരോഗ്യവകുപ്പ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.