മാലിന്യം നിറഞ്ഞ് ഗുരുവായൂര്‍ ക്ഷേത്ര പരിസരം

Thursday 6 July 2017 9:56 pm IST

ഗുരുവായൂര്‍: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ നഗരസഭയും ദേവസ്വം ബോര്‍ഡും തമ്മില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പവും ശീതസമരവും മൂലം ക്ഷേത്ര പരിസരം മാലിന്യകൂമ്പാരമായി മാറുന്നു. തെക്കേനടയില്‍ ചെരുപ്പ് കൗണ്ടര്‍ പരിസരത്ത് വന്‍തോതില്‍ മാലിന്യം നിക്ഷേപിച്ചത് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ക്ഷേത്രത്തില്‍ നിന്ന് 30 മീറ്റര്‍ പോലും അകലെയല്ലാതെ പുറത്തെ പ്രദക്ഷിണവഴിക്കരികിലായാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിട്ടുള്ളത്. മഴ കനത്തതോടെ മാലിന്യം ഒലിച്ചിറങ്ങി പരിസരം വൃത്തികേടാവുകയും ദുര്‍ഗന്ധം പരക്കുകയും ചെയ്യുന്നത് ക്ഷേത്രാന്തരീക്ഷം മലീമസമാക്കുന്നു. അഴുകി തുടങ്ങിയ മാലിന്യങ്ങളില്‍ ഈച്ചയും കൊതുകുകളും എത്തിയതോടെ ഭക്തജനങ്ങള്‍ ദുരിതത്തിലായി. നില തുടര്‍ന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലേയും പരിസരത്തേയും മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നഗരസഭ അമിതമായ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതാവസ്ഥ ഉടലെടുത്തത്. കാലാകാലങ്ങളായി ക്ഷേത്രത്തിനകത്തേയും പുറത്തേയും മാലിന്യം നീക്കം ചെയ്യുന്നത് ദേവസ്വം ജീവനക്കാര്‍ തന്നെയാണ്. മാലിന്യങ്ങള്‍ സംസ്‌കരണ പ്ലാന്റുകളിലെത്തിച്ച് സംസ്‌കരിക്കുന്ന ജോലി മാത്രമാണ് നഗരസഭ ചെയ്യുന്നത്. ഇതിന് അമിത പ്രതിഫലമാണ് നഗരസഭ ആവശ്യപ്പെടുന്നത്. പാരമ്പര്യ അവകാശികളേയും ഊരായ്മക്കാരേയും കുടിയൊഴിപ്പിച്ച് അക്വയര്‍ ചെയ്‌തെടുത്ത നിര്‍ദ്ദിഷ്ട ക്യൂ കോംപ്ലക്‌സിനുള്ള ഈ സ്ഥലത്ത് നിന്ന് എത്രയും പെട്ടെന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഭക്തജനങ്ങള്‍ക്ക് സുഗമമായ ക്ഷേത്ര ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നാണ് ഹിന്ദു സംഘടനകളുടേയും ഭക്തജനങ്ങളുടേയും ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.