റേഷന്‍കാര്‍ഡ് വിതരണം അന്തിമഘട്ടത്തില്‍ തെറ്റുകള്‍ വ്യാപകം, തിരുത്തല്‍ രണ്ട് മാസത്തിന് ശേഷം

Thursday 6 July 2017 10:13 pm IST

കോട്ടയം: വിതരണം അന്തിമഘട്ടത്തിലെത്തിയ റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകള്‍ വ്യാപകം. എന്നാല്‍ തെറ്റ് തിരുത്തുന്നതിനുള്ള അപേക്ഷ രണ്ട് മാസത്തിന് ശേഷമായിരിക്കും പരിഗണിക്കുന്നത്. തെറ്റുതിരുത്തല്‍ സംബന്ധിച്ച് യാതൊരു ഉത്തരവുകളും സര്‍ക്കാരില്‍ നിന്ന് ഇതേവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റുകള്‍ കടന്നുകൂടിയ റേഷന്‍കാര്‍ഡുകള്‍ ഉടമകള്‍ക്ക് ബാധ്യതയായിമാറി. പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായതിന് ശേഷം ആദ്യം ബിപിഎല്‍ പട്ടികയില്‍ നിന്ന് പുറത്തായവരുടെ അപേക്ഷയായിരിക്കും സ്വീകരിക്കുന്നത്. ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താനുളള അപേക്ഷകള്‍ അതാത് താലൂക്ക് ഓഫീസുകളില്‍ സ്വീകരിക്കും. രണ്ട് മാസത്തിനുശേഷം മാത്രമായിരിക്കും തെറ്റു തിരുത്താനുള്ള അപേക്ഷ സ്വീകരിക്കുകയുളളുവെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ 10,000 ത്തോളം കാര്‍ഡുകളില്‍ തെറ്റുകള്‍ കടന്നിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ശേഖരിച്ച് വരുന്നതേയുളളുവെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലാ സപ്ലൈ ഓഫീസിന്റെ കണക്കുകള്‍ പ്രകാരം 3, 42,988 കാര്‍ഡുകളാണ് ഇതുവരെ വിതരണം ചെയ്തത്. ആകെ 4, 83, 871 കാര്‍ഡുകളാണ് ജില്ലയില്‍ വിതരണം ചെയ്യേണ്ടത്. ഇനി 1, 40,883 കാര്‍ഡുകള്‍ കൂടി ഇനി വിതരണം ചെയ്യാനുണ്ട്. ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത് ചങ്ങനാശേരി താലൂക്കിലാണ്. കുറവ് വിതരണം നടന്നത് കോട്ടയം താലൂക്കിലും. വൈക്കം, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ വിതരണം അന്തിമഘട്ടത്തിലാണെന്നും അധികൃതര്‍ പറഞ്ഞു. കാര്‍ഡുകളില്‍ കടന്നുകൂടിയ തെറ്റുകള്‍ കാര്‍ഡുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. കാര്‍ഡില്‍ പേരില്ലാത്തതാണ് കൂടുതല്‍ പ്രശ്‌നമാകുന്നത്. റേഷന്‍ ആനൂകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കാര്‍ഡില്‍ പേര് വേണം. സര്‍ക്കാറിന്റെ വിവിധ ചിക്ത്‌സാ സഹായ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാകണമെങ്കിലും റേഷന്‍കാര്‍ഡില്‍ പേരുണഅടാവണം. ഇത് സംബന്ധിച്ച് കാര്‍ഡുമകളുടെ നിരവധി പരാതികളാണ് സപ്ലൈ ഓഫീസുകളില്‍ ലഭിക്കുന്നത്. എന്നാല്‍ തെറ്റുതിരുത്തല്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങാതെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നാണ് സപ്ലൈ ഓഫീസ് അധികൃതര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.