സിബിഐ വരട്ടെ

Thursday 6 July 2017 10:31 pm IST

മലയാളത്തിലെ പ്രമുഖനടിയെ ചിലര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അനുദിനം പുറത്തുവരുന്ന വിവരങ്ങള്‍ തീയറ്ററുകളില്‍ തകര്‍ത്തോടിയ സസ്‌പെന്‍സ് ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്നതാണ്. അന്വേഷണം 'പുരോഗമി'ക്കുന്നതിനിടെ ഉയരുന്ന ആരോപണ പ്രത്യാരോപണങ്ങളും, തികച്ചും അപ്രതീക്ഷിതമായ സംഭവഗതികളും ഈ കേസിന്റെ ക്ലൈമാക്‌സ് എന്തായിരിക്കുമെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. താന്‍ ചെറുമീന്‍ മാത്രമാണെന്നും, വന്‍ സ്രാവുകള്‍ കുടുങ്ങുമെന്നും കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു. ചെറുമീനുകളും സ്രാവുകളും മാത്രമല്ല, തലയും വാലും മാറി മാറി കാണിച്ച് കൂട്ടത്തിലുള്ളവരെ കബളിപ്പിക്കുന്ന വലഞ്ഞിലുകളും, ഏത് കനത്ത പ്രതലവും തുരന്ന് രക്ഷപ്പെടാന്‍ കഴിയുന്ന ആഫ്രിക്കന്‍ മുഴികളുമൊക്കെ ഈ കേസിന്റെ അണിയറയില്‍ സജീവമാണ്. കുറച്ചുപേരാണ് ഈ കേസില്‍ പ്രതികളായിട്ടുള്ളതെങ്കിലും സിനിമാ രംഗത്തുള്ള പലരും പ്രതികളായേക്കാമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. താരസംഘടനയായ 'അമ്മ' പ്രതിക്കൂട്ടിലായതോടെ ആരോപണ വിധേയര്‍ നിരവധിയാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാതെ, അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കരുതപ്പെടുന്നവരെ ന്യായീകരിക്കാനും സംരക്ഷിക്കാനുമാണ് 'അമ്മ' ശ്രമിക്കുന്നതെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ട്. ഒരേ സംഘടനയില്‍പ്പെട്ടവരാണെങ്കിലും ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണുന്ന സമീപനം ശരിയല്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. താരപദവിയോ സുഹൃദ്ബന്ധമോ സംഘടനാ സ്വാധീനമോ സാമ്പത്തിക പിന്‍ബലമോ ഇതിന് തടസ്സമായിക്കൂടാ. എന്നാല്‍ ചില ആണ്‍മക്കളെ രക്ഷിക്കാന്‍ യാതൊരു മറയുമില്ലാതെയാണ് 'അമ്മ' ശ്രമിക്കുന്നത്. മഹാനടന്‍ തിലകനോട് 'അമ്മ' ചെയ്ത ദ്രോഹം ആരും മറന്നിട്ടില്ലല്ലോ. സിനിമാരംഗത്തുള്ളവരും മനുഷ്യരാണ്. തെറ്റുകുറ്റങ്ങളും മത്സരബുദ്ധിയുമൊക്കെ അവര്‍ക്കിടയിലും ഉണ്ടായേക്കാം, ഉണ്ടായിട്ടുമുണ്ട്. അക്രമങ്ങളും ആത്മഹത്യകളും കൊലപാതകങ്ങള്‍പോലും അരങ്ങേറിയിട്ടുണ്ട്. പക്ഷെ ഇവയൊക്കെ ഒറ്റപ്പെട്ടതും വ്യക്തിഗതമായ ബന്ധങ്ങളിലെ ഉലച്ചില്‍ മൂലം സംഭവിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല. സംഘടിതവും ആസൂത്രിതവുമായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന രംഗമായി സിനിമാലോകം മാറിയിരിക്കുന്നു. കലയോടുള്ള പ്രതിബദ്ധതയെക്കാള്‍ അധോലോകത്തോടുള്ള ആഭിമുഖ്യമാണ് ഈ രംഗത്തെ പലര്‍ക്കുമുള്ളത്. ഇതിന്റെ ഓരോ ലക്ഷണവും നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഫലിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം തങ്ങളുടെ ആഭ്യന്തര പ്രശ്‌നമാണെന്നും, മറ്റുള്ളവര്‍ അതിന് വേവലാതിപ്പെടേണ്ടതില്ലെന്നും 'അമ്മ'യിലെ ചിലര്‍ കരുതുന്നത് ഒട്ടും അംഗീകരിക്കാനാവില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ രാഷ്ട്രീയ ഇടപെടല്‍ പകല്‍പോലെ വ്യക്തമാണ്. ആക്രമണത്തിനു പിന്നില്‍ സിനിമാരംഗത്തെ പല വമ്പന്മാരുമുണ്ടെന്നും, സിനിമാ ബാഹ്യമായ ചില ഇടപാടുകള്‍ ഇതിനിടയാക്കിയിട്ടുണ്ടെന്നും തുടക്കംമുതല്‍ സംശയമുയര്‍ന്നിരുന്നു. ഇതാണ് സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കാന്‍ കാരണമെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള നിര്‍ദ്ദേശമായിപ്പോലും ആഭ്യന്തരമന്ത്രികൂടിയായ പിണറായിയുടെ പ്രസ്താവനയെ കരുതാം. പോലീസ് മേധാവിസ്ഥാനത്തുനിന്ന് നീക്കിയ ഡിജിപി: ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതി വിധിയോടെ പദവിയില്‍ തിരിച്ചെത്തിയത് അന്വേഷണം അട്ടിമറിക്കാന്‍ വിഘാതമായി. അന്വേഷണം നേര്‍വഴിക്കല്ല നടക്കുന്നതെന്ന് വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സെന്‍കുമാര്‍ പറഞ്ഞത് മുഖവിലക്കെടുക്കാം. സെന്‍കുമാര്‍ വിരമിച്ചതോടെ അന്വേഷണം 'തീവ്രഗതി'യിലായത് പല സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. കേസ് സിബിഐ ഏറ്റെടുത്താലുള്ള ഭവിഷ്യത്ത് ബന്ധപ്പെട്ടവര്‍ക്കൊക്കെ അറിയാം. ഏത് വന്‍ മീനും പോലീസ് വലയില്‍ വീഴുമെന്ന മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന ആരും തൊണ്ട തൊടാതെ വിഴുങ്ങില്ല. കാരണം പോലീസ് മനഃപൂര്‍വം ഉഴപ്പുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിനായി കൊച്ചിക്കായലില്‍ തിരച്ചില്‍ നടത്തിയ പോലീസ് തന്നെയാണ്, കാക്കനാട്ടെ ഒരു പ്രമുഖ നടിയുടെ വസ്ത്രസ്ഥാപനത്തിലും അതിനായി റെയ്ഡ് നടത്തിയത്! തങ്ങളുടെ വ്യാഖ്യാനം തള്ളുന്ന തെളിവുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ അതിനൊപ്പിച്ച് മാറ്റിപ്പറയുകയാണ് പോലീസ്. ഇതുവരെയുള്ള അന്വേഷണത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്- തെളിവുകള്‍ പരമാവധി നശിപ്പിക്കുക, അങ്ങനെ കേസില്‍ പ്രതികളാവേണ്ടവരെ രക്ഷിച്ചെടുക്കുക. തെളിവെടുപ്പിന് പള്‍സര്‍ സുനിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനാണത്രെ ശ്രമം. ഇതില്‍ സംശയിക്കണം. അന്വേഷണം യഥാര്‍ത്ഥ പ്രതികളിലെത്താതിരിക്കാന്‍ എന്ത് കടുംകൈയും പോലീസ് ചെയ്‌തെന്നിരിക്കും. ആരെയെങ്കിലും ബലിയാടാക്കി കേസ് അവസാനിപ്പിക്കാനാവും പോലീസ് ശ്രമിക്കുക. ഇത് അനുവദിക്കപ്പെട്ടുകൂടാ. മറ്റു പല കേസുകളെയുംപോലെ ഈ കേസും സിബിഐ അന്വേഷിക്കട്ടെ. അങ്ങനെ സത്യം പുറത്തുവരട്ടെ, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.