മട്ടന്നൂര്‍: നഗരസഭയുടെ നാലാമത് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന ഘട്ടത്തില്‍ മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലിന്റെ പ്രത്യേക സമ്മേളനം ചേരുന്നു. പഠനത്തിന്റെ ഭാഗമായി ജനാധിപത്യത്തെ കൂടുതല്‍ അറിയുന്നതിനാണ് പ്രത്യേക കൗണ്‍സില്‍ യോഗം സ്കൂളില്‍ സംഘടിപ്പിക്കുന്നതെന്ന് സ്കൂള്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ 10 മണി മുതലാണ് സ്കൂളില്‍ പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ യോഗം നടക്കുന്നത്. നഗരസഭാ കൗണ്‍സിലിന്റെ നടപടിക്രമങ്ങളോടെയാണ് യോഗം നടക്കുക. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി മുഖാമുഖവും നടക്കും. സ്കൂളിലെ 3000 ത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാര്‍ത്ഥികള്‍ക്കാണ് യോഗനടപടികള്‍ വീക്ഷിക്കാന്‍ അവസരം നല്‍കുന്നത്. നഗരസഭയിലെ ചെയര്‍മാനും മുഴുവന്‍ കൗണ്‍സിലര്‍മാരും സെക്രട്ടറിയും ജീവനക്കാരും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും. കൗണ്‍സില്‍ യോഗവും ചര്‍ച്ചകളും അടങ്ങുന്ന ചടങ്ങ് റിക്കാര്‍ഡ് ചെയ്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കു കൂടി കാണുന്നതിന് അവസരമൊരുക്കും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ ഏര്‍പ്പെടുത്തിയ ശുചിത്വ സ്കൂളിനുള്ള പുരസ്കാരം മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിനു ലഭിച്ചു. ചടങ്ങില്‍ പുരസ്കാര വിതരണവും കാലാവധി പൂര്‍ത്തിയാക്കുന്ന കൗണ്‍സിലര്‍മാര്‍ക്കു യാത്രയയപ്പും നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ കൃഷ്ണകുമാര്‍ കണ്ണോത്ത്, കെ.ടി.ശിവദാസ്, കെ.ജയ, ഇ.ഗണേശ്, സി.പി.സനല്‍ ചന്ദ്രന്, സി.ഹേമചന്ദ്രന്, മുസ്തഫ ദാവാരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: