ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനാകില്ല: ആന്റണി

Friday 7 July 2017 1:50 am IST

കോഴിക്കോട്: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനാകില്ലെന്ന് സമ്മതിച്ച് മുന്‍ കേന്ദ്രമന്ത്രിയും എഐസിസി പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി. ഇതുകൊണ്ടാണ് ദേശിയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നതെന്നും ആന്റണി കോഴിക്കോട്ട് പറഞ്ഞു. ഇപ്പോള്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ഈ ഐക്യം ഒരു തുടക്കം മാത്രമാണ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഈ ഐക്യം തുടരും. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടിവരുമെന്നും ആന്റണി പറഞ്ഞു. ദേശീയതലത്തിലെ ഐക്യത്തിന് ചെറിയ കല്ലുകടി കാണുന്നുണ്ട്. കേരളത്തിലെ സിപിഎം നേതാക്കളാണ് അതിന് കാരണം. കോണ്‍ഗ്രസ്സുമായി യാതൊരു ഐക്യത്തിനും തയ്യാറല്ലെന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ നിലപാട്. ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ട സിപിഎം പിബിയില്‍ കേരള ഘടകത്തിന്റെ വാക്കാണ് അവസാനവാക്ക്. പണ്ട് ബംഗാളില്‍ നിന്നുള്ളവരായിരുന്നു എതിര്‍പ്പുമായി എത്തിയിരുന്നത്. എന്നാല്‍ ഇന്ന് അവിടെ ക്ഷയിച്ച് മൂന്നാം കക്ഷിയായി മാറിയിരിക്കുകയാണ്. തല്ലുകൊള്ളാതിരിക്കാന്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കേണ്ട അവസ്ഥയായി മാറി. ആര്‍എസ്എസിനെ നേരിടാന്‍ ഞങ്ങള്‍ക്കേ കഴിയൂ എന്നാണ് കേരളത്തിലെ സിപിഎമ്മുകാര്‍ പറയുന്നത്. എന്നാല്‍ സിപിഎം എവിടെ ഉണ്ട് എന്ന് ചിന്തിക്കണം. സിപിഎം ഒറ്റയ്ക്ക് നിന്നു മത്സരിച്ചിടത്തെല്ലാം കെട്ടിവെച്ച കാശ് പോയിട്ടേയുള്ളു. യുപിയില്‍ വിവിധ സീറ്റുകളില്‍ കിട്ടിയത് ആയിരത്തില്‍ താഴെ വോട്ടാണ്. ദല്‍ഹിയിലാകട്ടെ നോട്ടയെക്കാള്‍ കുറവ് വോട്ടാണ്. ബിജെപി ശക്തമായ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് തന്നെയാണ് പ്രതിപക്ഷത്തുള്ളത്. കേരളത്തില്‍ മാത്രമാണ് സിപിഎം ഉള്ളത്. കേരളത്തിലെ സിപിഎം നേതാക്കള്‍ വീരസ്യം പറയുന്നത് നിര്‍ത്തണം. കാലത്തിന്റെ ചുമരെഴുത്ത് മനസ്സിലാക്കി ദേശീയ തലത്തില്‍ ഒന്നിച്ച് നില്‍ക്കണം. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാല്‍ സാദ്ധ്യമല്ല. ഒറ്റപ്പെട്ട നിലയ്ക്കുള്ള ന്യൂനപക്ഷ തീവ്രവാദം കൊണ്ട് ബിജെപിയെ നേരിടാനാകില്ല. മലബാര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ് ക്ഷയിച്ചതായി ചടങ്ങില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര ഗവര്‍ണറുമായ കെ. ശങ്കരനാരായണന്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ സിപിഎമ്മിനാകില്ലെന്നും സിപിഎമ്മിന്റെ പതിനാറടിയന്തരം ബിജെപി നടത്തുമെന്നും ദേശീയതലത്തില്‍ ഐക്യം ആവശ്യമാണെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.