അയ്യപ്പസ്വാമിക്ക് ഇന്ന് പമ്പയില്‍ ആറാട്ട്

Friday 7 July 2017 2:04 am IST

ശബരിമല: ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നിന്ന ഉത്സവത്തിന് സമാപനം കുറിച്ച് ഇന്ന് പമ്പയില്‍ ആറാട്ട് നടക്കും. രാവിലെ 11 മണിയോടെയാണ് പമ്പയിലെ ആറാട്ട് കടവില്‍ ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 9 മണിയോടെ സന്നിധാനത്ത് നിന്ന് ആറാട്ട് ഘോഷയാത്ര ആരംഭിക്കും. ഒന്‍പതാം ഉത്സവമായ ഇന്നലെ രാത്രി എട്ടരയോടെ അത്താഴപൂജയ്ക്ക് ശേഷം പള്ളിവേട്ട എഴുന്നള്ളത്ത് നടന്നു. ശരംകുത്തിയില്‍ പ്രത്യേകം തയ്യാറാക്കിയ ഇടത്തായിരുന്നു പള്ളിവേട്ട. പള്ളിവേട്ടയ്ക്ക്‌ശേഷം തിരിച്ചെഴുന്നെള്ളിയ ഭഗവാന്‍ ശ്രീകോവിലിനു പുറത്താണ് പള്ളിയുറങ്ങിയത്. കിഴക്കേ മണ്ഡപത്തില്‍ പ്രത്യേകം തല്പമൊരുക്കി അതിലായിരുന്നു പള്ളിയുറക്കം. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ പള്ളിയുണര്‍ത്തി പശുക്കിടാവിനെയടക്കം ഒരുക്കി കണി കാണിച്ച ശേഷമാണ് പ്രഭാതപൂജകള്‍ നടത്തുന്നത്. 9 മണിയോടെ മരപ്പാണി കൊട്ടി ദേവനെ പുറത്തേക്ക് എഴുന്നള്ളിച്ച് പതിനെട്ടാംപടിക്ക് താഴെയെത്തി അവിടെനിന്ന് ആനപ്പുറത്തേറി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പമ്പയിലേക്ക് ആറാട്ടിന് പുറപ്പെടുന്നത്. പമ്പാഗണപതി കോവിലില്‍ ഇറക്കി എഴുന്നള്ളിച്ച ശേഷം തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് ആറാട്ടുകടവിലേക്ക് ആനയിക്കും. തുടര്‍ന്ന് ആറാട്ട് കഴിച്ച് പ്രസന്നപൂജയും നിവേദ്യവും നടത്തി ഗണപതികോവിലിലേക്ക് എഴുന്നള്ളിക്കും. ഉച്ച വിശ്രമത്തിന് ശേഷം വൈകിട്ട് 4 മണിയോടെ തിരിച്ചെഴുന്നള്ളത്ത്. എഴുന്നള്ളത്ത് സന്നിധാനത്തെത്തിയ ശേഷം കൊടിയിറക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടയ്ക്കും. പുതിയ സ്വര്‍ണ്ണക്കൊടിമരപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി മൂന്നാഴ്ച്ചയായി സന്നിധാനത്ത് നടക്കുന്ന ചടങ്ങുകള്‍ ഇതോടെ സമാപിക്കും. കര്‍ക്കിടക മാസപൂജകള്‍ക്കായി 16 ന് വൈകിട്ട് 5ന് നടതുറക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.