ആന്റണിയുടെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് ജനം തള്ളും

Friday 7 July 2017 10:43 am IST

കൊച്ചി: കെ.കരുണാകരന്‍ ജന്മശതാബ്ദി ഉദ്ഘാടനവേളയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണിയുടെ ബിജെപി വിരുദ്ധമുന്നണി രൂപീകരണത്തിനുളള ആഹ്വാനം പ്രബുദ്ധരായ കേരള ജനതയെ പരിഹസിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ' വേറെ വേറെ'യാണെന്നും അതുകൊണ്ട് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല കൂട്ടായ്മ വേണമെന്നും അതിനായി 'സംസ്ഥാന രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍നിന്ന് പുറത്തുവന്ന് വിശാല കാഴ്ചപ്പാടിലൂടെ' മുന്നോട്ടുപോവേണ്ടത് അനിവാര്യമാണെന്നും ആന്റണി അഭിപ്രായപ്പെട്ടിരിക്കുന്നു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മുന്നണിയും ബി.ജെ.പി. വിരുദ്ധമുന്നണിയും മാത്രം മതിയെന്നാണ് ആന്റണി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞുവച്ചിരിക്കുന്നത്. അതായത് കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ ബിജെപി. നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ബിജെപിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുളള കക്ഷികളുടെ പൊതു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പരസ്പരവിരുദ്ധമായ നയവും നിലപാടും ആവാമെന്നാണ് സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും വേറെ വേറെയാണെന്ന് പ്രഖ്യാപിച്ചതിലൂടെ ആന്റണി സൂചിപ്പിക്കുന്നത്. ഇതാദ്യമല്ല ആന്റണിയില്‍നിന്ന് ഇത്തരം വൈരുദ്ധ്യാത്മക രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാവുന്നത്. പക്ഷെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ആജന്മശത്രുവായിരുന്ന, കമ്മ്യൂണിസ്റ്റ്(മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയെ അധികാരത്തിലേറ്റാതിരിക്കാന്‍ എല്ലാ തന്ത്രങ്ങളും പയറ്റുകയും പഠിപ്പിക്കുകയും ചെയ്ത, കെ. കരുണാകരന്റെ ജന്മശതാബ്ദി ഉദ്ഘാടനവേദിയില്‍വെച്ചുതന്നെ മാര്‍ക്‌സിസ്റ്റുകാരുമായി കൈകോര്‍ക്കാന്‍ പരസ്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനംചെയ്ത ആന്റണി, കരുണാകരനെ അദ്ദേഹം ജീവിച്ചിരുന്ന കാലത്തിലുടനീളം എന്നപോലെ മരണശേഷവും കരുണാകരന്റെ രണ്ടുമക്കളെയും ഇരുത്തിക്കൊണ്ട് തളളിപ്പറഞ്ഞിരിക്കുകയാണ്. ആന്റണിയെ സംബന്ധിച്ചിടത്തോളം മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുമായുളള സഹകരണവും സഹവര്‍ത്തിത്വവും ആദ്യമായല്ല. ഇന്ദിരാഗാന്ധിയുടെ പിന്നില്‍ അടിയന്തരാവസ്ഥക്കാലത്ത് 'പാറപോലെ ഉറച്ചുനില്‍ക്കും' എന്ന് പ്രഖ്യാപിച്ചശേഷം ഇന്ദിരയ്ക്ക് അധികാരം നഷ്ടപ്പെട്ടപ്പോള്‍ അവരെയും കരുണാകരനെയും എതിര്‍ത്തുകൊണ്ട് മാര്‍ക്‌സിസ്റ്റ് പാളയത്തിലെത്തി മന്ത്രിസഭയില്‍വരെ പങ്കാളിയാവാന്‍ സഹപ്രവര്‍ത്തകരെ നിര്‍ബന്ധിച്ച നേതാവാണ് കമ്മ്യൂണിസ്റ്റ്‌വിരുദ്ധ രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന 'വിമോചനസമരത്തിന്റെ സന്തതി'യായ എ.കെ.ആന്റണി. അധികാരം അകലെയാണെന്ന് ഉറപ്പായതോടെ വീണ്ടും അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് അന്തരീക്ഷമൊരുക്കുകയാണ് ആന്റണി മുടന്തന്‍ ന്യായങ്ങളിലൂടെ. കേരളത്തിലെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അണികളും അനുഭാവികളും ആന്റണിയുടെ ആഹ്വാനത്തോട് എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമുണ്ട്. രാഷ്ട്രീയ പ്രബുദ്ധതക്ക് പേരെടുത്ത കേരളീയജനത അര്‍ഹിക്കുന്ന അവഗണനയോടെ ആന്റണിയുടെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിനെ തളളിക്കളയും എന്നതില്‍ സംശയം ലേശമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.