കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ നിലപാട് തള്ളി ഡിജിപി ലോക്നാഥ് ബെഹ്റ. വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടെന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി സന്ധ്യക്ക് അയച്ച കത്തില്‍ പറയുന്നു.
അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. മികച്ച ഏകോപനമാണുള്ളത്. അന്വേഷണ ചുമതലയുള്ള ദിനേന്ദ്ര കശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി മനസിലാക്കുന്നു. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും കത്തില്‍ വിശദീകരിക്കുന്നു.
അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് താന്‍ മനസിലാക്കുന്നതായും ഈ രീതിയില്‍ തന്നെ മുന്നോട്ട് പോവണമെന്നും ബെഹ്റ നിര്‍ദ്ദേശിച്ചു. എഡിജിപി ബി.സന്ധ്യയ്ക്ക് നല്കിയ കത്തില്‍ അവരടക്കം എല്ലാ ഉദ്യോഗസ്ഥരേയും ഡിജിപി പ്രശംസിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും നടക്കുന്നത് സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും സെന്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. അവരാണ് എല്ലാം ചെയ്യുന്നതെന്നു വരുത്തണം. അതിനുള്ള ശ്രമമാണ്. അതുകൊണ്ട് ആ കേസ് ചിലപ്പോള്‍ തുലഞ്ഞുപോകും.
അന്വേഷണ സംഘത്തെ നയിക്കുന്ന ഐ.ജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ല. അതുകൊണ്ട് സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട എന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നതായുമാണ് സെന്‍കുമാര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: