ഡിജിറ്റല്‍ ഇടപാട്: പണം നഷ്ടപ്പെട്ടവര്‍ ബാങ്കിനെ സമീപിക്കണം

Friday 7 July 2017 2:53 pm IST

മുംബൈ: ഡിജിറ്റല്‍ പണമിടപാടിലൂടെ പണം നഷ്ടമായാല്‍ മൂന്നുദിവസത്തിനകം ബാങ്കില്‍ വിവരമറിയിക്കണമെന്ന് റിസര്‍വ് ബാങ്ക്. വിവരം ഉടന്‍ അറിയിച്ചാല്‍ പത്ത് ദിവസത്തിനകം പണം അക്കൗണ്ടില്‍ തിരികെയെത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്ക് പുതിയ ഉത്തരവിറക്കിയത്. ഇടപാടുകാരന്‍ അശ്രദ്ധ മൂലമോ പാസ് വേര്‍ഡ് കൈമാറ്റം ചെയ്യുന്നത് മുഖേനയോ പണം നഷ്ടമായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടപാടുകാരന് മാത്രമായിരിക്കും.വിവരം ബാങ്കിനെ അറിയിച്ച ശേഷവും പണം നഷ്ടമായാല്‍ ഉത്തരവാദിത്തം പൂര്‍ണമായും ബാങ്കിനായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇടപാടുകാരന് ബാധ്യതയില്ലാത്ത തട്ടിപ്പാണ് നടന്നതെങ്കില്‍ നഷ്ടമായ തുക പത്തു ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പു നടന്നു നാലു ദിവസം കഴിഞ്ഞാണ് വിവരം ബാങ്കില്‍ അറിയിക്കുന്നതെങ്കില്‍ ബാങ്കിനും ഇടപാടുകാരനും ബാധ്യത ഉണ്ടാകും. ഇതില്‍ ഇടപാടുകാരന്റെ ബാധ്യത 25,000ത്തില്‍ കൂടില്ല. ഒരാഴ്ച്ച കഴിഞ്ഞാണ് വിവരമറിയിക്കുന്നതെങ്കില്‍ ബാങ്കിന്റെ നയമനുസരിച്ച് ബാധ്യത നിര്‍ണയിക്കാം. ഇടപാടുകാരന് ഉത്തരവാദിത്തമില്ലാത്ത തട്ടിപ്പുകളില്‍ ഇന്‍ഷുറന്‍സ് തുക കിട്ടാതെ തന്നെ പത്തുദിവസത്തിനകം പണം തിരിച്ചു നല്‍കണമെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ എസ്എംഎസ് മുഖേനയോ ഇ മെയില്‍ വഴിയോ ഇടപാടുകാരനെ അറിയിക്കണമെന്നും നിര്‍ബന്ധമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.