മോദിയും ഷി ജിന്‍പിംഗും തമ്മില്‍ അനൗപചാരിക കൂടിക്കാഴ്ച

Friday 7 July 2017 5:38 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലെ ഹാംബെര്‍ഗിലെത്തിയ ഇരു നേതാക്കളും ബ്രിക്‌സ് രാജ്യങ്ങളുടെ സമ്മേളനത്തിനിടെയാണ് ഹ്രസ്വ കൂടിക്കാഴ്ച നടത്തിയത്. സിക്കിം പ്രശ്‌നത്തെ തുടര്‍ന്ന് ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് ചൈന കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും പരസ്പരം പ്രശംസിച്ചു. ബ്രിക്‌സ് യോഗത്തിന് ശേഷം ഇരുവരും വീണ്ടും കാണുമെന്ന് റിപ്പോര്‍ട്ടുണ്ട്. പിംങുമായി മോദി വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലെ പറഞ്ഞു. അതേസമയം, ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാന്‍ ബാഗ്ലെ തയ്യാറായില്ല. സിക്കിമിനോട് ചേര്‍ന്നുള്ള ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ചൈനീസ് അതിര്‍ത്തിയിലെ നാഥുലാ ചുരം ചൈന അടച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. ഡോംഗ്ലോംഗില്‍ 2012ല്‍ ഇന്ത്യ നിര്‍മ്മിച്ച രണ്ട് ബങ്കറുകള്‍ നീക്കണമെന്ന് ജൂണ്‍ ഒന്നിന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ, ഭൂട്ടാന്‍, ചൈന എന്നീ രാജ്യങ്ങള്‍ സന്ധിക്കുന്ന മേഖലയിലാണ് ബങ്കറുകള്‍ നിര്‍മ്മിച്ചത്. ഈ പ്രദേശം തങ്ങളുടേതാണെന്നും ഇന്ത്യയ്ക്കും ഭൂട്ടാനും അവകാശമില്ലെന്നുമാണ് ചൈനയുടെ വാദം. ബങ്കറുകള്‍ നീക്കാന്‍ ഇന്ത്യ തയ്യാറാവാതിരുന്നതോടെ ജൂണ്‍ 6ന് ഇന്ത്യന്‍ ബങ്കറുകള്‍ ചൈന തകര്‍ത്തു. ഇതോടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.