കാരാപ്പുഴ ഡാമിലെ ജലം മലിനമെന്ന് റിപ്പോര്‍ട്ട്

Friday 7 July 2017 6:45 pm IST

കല്‍പ്പറ്റ: കാരാപ്പുഴ ഡാമിലെ ജലത്തില്‍ മാരകമായ ഇ കോളി, കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഡാമില്‍ മലിനവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പൂക്കോട് സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് ഫലം പുറത്തുവന്നത്. കുടിവെള്ളത്തില്‍ ഒട്ടുംതന്നെ കാണാന്‍പാടില്ലാത്ത ഇ കോളി ബാക്ടീരിയയുടെ എണ്ണം 47 ആണ് സാമ്പിള്‍ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ 0 മുതല്‍ 10 വരെ സാധാരണഗതിയില്‍ സാന്നിധ്യമുള്ള പ്രിസംപ്റ്റീവ് കോളിഫോം കൗണ്ട് 1600 ആണ്. ഫേക്കല്‍ സ്ട്രപ്‌റ്റോകോക്കല്‍ കൗണ്ടും 140 എന്ന് ഉയര്‍ന്ന നിലയിലാണുള്ളത്. കക്കൂസ് മാലിന്യമടക്കം വന്‍തോതില്‍ രാത്രിയുടെ മറവില്‍ കാരാപ്പുഴ ഡാമിലേക്ക് ഒഴുക്കുന്നുണ്ടെന്നാണ് പരിശോധനാ ഫലം സൂചിപ്പിക്കുന്നത്. കാരാപ്പുഴയിലെ മലിനമായ ജലം പരമ്പരാഗത രീതിയില്‍ ശുചീകരിച്ചാണ് വാട്ടര്‍ അഥോറിറ്റി പമ്പ് ചെയ്യുന്നത്. സാധാരണ രീതിയിലുള്ള ശുചീകരണ പ്രക്രിയയില്‍ ഇ കോളി, കോളിഫോം ബാക്ടീരിയകള്‍ നശിക്കുകയില്ലെന്നും പറയപ്പെടുന്നു. ആധുനിക ശുചീകരണ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അത് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് കുടിവെള്ളം ഉപയോഗിക്കുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്. കാരാപ്പുഴ ഡാമിലെ ചീപ്രം ഭാഗത്ത് മാലിന്യം വെള്ളത്തില്‍ പൊങ്ങിക്കിടന്നതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വാട്ടര്‍ അഥോറിറ്റി അടക്കമുള്ളവര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചിരുന്നു. വെള്ളത്തിന് കുഴപ്പമില്ലെന്നായിരുന്നു ബന്ധപ്പെട്ടവര്‍ മന്ത്രിയെ അറിയിച്ചത്. കല്‍പ്പറ്റ ടൗണിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതിയുടെ സ്രോതസ് കാരാപ്പുഴ ഡാമാണ്.കൂടാതെ മറ്റ് പല തദേശസ്വയംഭരണ സ്ഥാപനങ്ങളും വന്‍കിട കുടിവെള്ള വിതരണ പദ്ധതികള്‍ കാരാപ്പുഴ ഡാമിനെ ആശ്രയിച്ച് തയാറാക്കി വരുകയാണ്. ഇതിനിടയിലാണ് ഡാമിലെ വെള്ളത്തില്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള ബാക്ടീരിയയുടേയും മലത്തിന്റേയും മറ്റും സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഡാമിലെ വെള്ളത്തില്‍ കുളിച്ചവര്‍ക്ക് ചൊറിച്ചിലടക്കമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 20നാണ് ചീപ്രം കോളനിവാസികള്‍ക്ക് അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ടത്. പരിസരത്ത് ദുര്‍ഗന്ധവും വമിച്ചിരുന്നു. ഇതേതുടര്‍ന്ന് വാഴവറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി പൂക്കോട് സര്‍വ്വകലാശാലയിലേക്ക് അയക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.